Skip to main content
നിലമ്പൂര്‍

congress officeനിലമ്പൂര്‍ കോണ്‍ഗ്രസ്‌ ഓഫീസിലെ തൂപ്പുകാരി രാധ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണ ചുമതലയുള്ള എ.ഡി.ജി.പി ബി. സന്ധ്യ നിലമ്പൂരിലെത്തി സഹോദരന്‍റെ മൊഴിയെടുത്തു. നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ്, മൃതദേഹം ഉപേക്ഷിച്ച കുളം എന്നിവിടങ്ങളില്‍ എ.ഡി.ജി.പി പരിശോധന നടത്തി.

 

സംഭവത്തില്‍ ഉന്നതര്‍ക്കുള്ള പങ്ക്‌ അന്വേഷിക്കണമെന്നും രാധയുടെ മരണവുമായി ബന്ധപ്പെട്ട് ആര്യാടന്‍ ഷൗക്കത്ത്, ആര്യാടന്‍ ആസാദ്, നിലമ്പൂര്‍ സി.ഐ എ.പി ചന്ദ്രന്‍ എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിക്കണമെന്ന് രാധയുടെ സഹോദരന്‍ ഭാസ്കരന്‍ ആവശ്യപ്പെട്ടു.

 

രാധയെ കാണാതായ ഫെബ്രുവരി അഞ്ച് മുതല്‍ ഇവര്‍ ആരോടെല്ലാമാണ് സംസാരിച്ചതെന്നതിന്‍റെ വിശദാംശങ്ങളാണ് അന്വേഷിക്കേണ്ടത്. നേരത്തെ രണ്ട് തവണ രാധയ്ക്ക് നേരെ നടന്ന വധശ്രമങ്ങളെ കുറിച്ചും അന്വേഷണം നടത്തണമെന്ന് ഭാസ്‌കരന്‍ സന്ധ്യയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. രാധയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ഷെര്‍ലി വാസുവുമായും സന്ധ്യ സംസാരിച്ചു.

 

രാധയുടെ മൃതദേഹം സമീപത്തെ കുളത്തില്‍ ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗമായ ബിജു നായരും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായ ഷംസുദ്ദീനും പിടിയിലായിരുന്നു.