Skip to main content
ന്യൂഡല്‍ഹി

Ambassador of Portugal to India, Jorge Roza de Oliveira, presenting the India's Best Awards 2013 to Kerala Tourism Secretary Suman Billa at a ceremony held at the Taj Palace hotel in New Delhi on March 31. Also seen is Travel + Leisure India and South Asia Publishing Director Rasina Uberoi Bajaj

 

ട്രാവല്‍ ലെഷര്‍ സൗത്ത് ഏഷ്യ മാഗസിന്‍ ഏര്‍പ്പെടുത്തിയ ഇന്‍ഡ്യാസ് ബെസ്റ്റ് അവാര്‍ഡ് 2013-ല്‍ മികച്ച ഹരിത ലക്ഷ്യസ്ഥാനത്തിനുള്ള പുരസ്കാരം കേരളത്തിന്. ഇതുകൂടാതെ മികച്ച ഇന്ത്യന്‍ സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതും കേരളമാണ്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയിലെ പോര്‍ച്ചുഗീസ് സ്ഥാനപതി ജോര്‍ജി റൊസാ ഡി ഒലിവേറ പുരസ്കാരങ്ങള്‍ സമ്മാനിച്ചു.

 

ലോകത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര ലക്ഷ്യസ്ഥാനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വര്‍ഷം തോറും മാഗസിന്‍ നല്‍കുന്ന പുരസ്കാരങ്ങളുടെ ഭാഗമായ ഇന്‍ഡ്യാസ് ബെസ്റ്റ് അവാര്‍ഡിന്റെ മൂന്നാം പതിപ്പാണിത്. ഓണ്‍ലൈന്‍ വായനക്കാരുടെയിടയില്‍ അഞ്ചു മാസത്തോളം നീണ്ട വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം നിശ്ചയിച്ചത്. രാജ്യങ്ങളുടെ വിഭാഗത്തില്‍ മലേഷ്യക്കാണ് മികച്ച ഹരിത ലക്ഷ്യസ്ഥാനത്തിനുള്ള പുരസ്കാരം ലഭിച്ചത്. 12 രാജ്യങ്ങളിലായി 60000-ത്തിനടുത്ത് വായനക്കാരുള്ള പ്രസിദ്ധീകരണമാണ് ട്രാവല്‍ ലെഷ്വര്‍ മാഗസിന്‍.

 

കഴിഞ്ഞ ജനുവരിയില്‍ ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ ഏര്‍പ്പെടുത്തിയ യുളീസസ് പ്രൈസിന് കേരള ടൂറിസം അര്‍ഹമായിരുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഈ പുരസ്കാരം എത്തുന്നത്. കഴിഞ്ഞമാസം ഐടിബി- ബെര്‍ലിന്റെ ഗോള്‍ഡന്‍ സിറ്റി ഗേറ്റ് സുവര്‍ണ പുരസ്കാരവും കേരള ടൂറിസത്തിനു ലഭിച്ചു. കായല്‍ സൗന്ദര്യത്തെ അടിസ്ഥാനമാക്കി അച്ചടി മാധ്യമങ്ങളില്‍ നടത്തിയ പ്രചരണത്തിനായിരുന്നു ഇത്. 2012-13ലെ ദേശീയ വിനോദസഞ്ചാര പുരസ്കാരങ്ങളില്‍ നാല് സുപ്രധാന പുരസ്കാരങ്ങളും കേരളത്തിനു ലഭിക്കുകയുണ്ടായി.