Skip to main content

gas cylinderഅന്താരാഷ്‌ട്ര വിപണിയില്‍ വിലകുറഞ്ഞതിനെ തുടര്‍ന്ന് സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറിന് 53.5 രൂപയാണ് കുറച്ചത്. സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന 12 സിലിണ്ടറുകള്‍ക്ക് ശേഷമുള്ള സിലിണ്ടറുകള്‍ക്കാകും ഇപ്പോള്‍ കുറച്ച നിരക്ക്‌ ബാധകമാകുക.

 

എണ്ണ കമ്പനികള്‍ എല്ലാ മാസവും ആദ്യവാരം പ്രഖ്യാപിക്കുന്ന വില പരിഷ്‌ക്കരണത്തിലാണ്‌ പാചകവാതക വില കുറച്ചത്‌. കഴിഞ്ഞ മാസവും എണ്ണക്കമ്പനികള്‍ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്‌ വിലകുറച്ചിരുന്നു. ഫെബ്രുവരി ഒന്നിന് പാചകവാതക സിലിണ്ടറിന്‍റെ വില 107 രൂപ കുറച്ചിരുന്നു. എന്നാല്‍ ഭൂരിഭാഗം ഉപയോക്‌താക്കളും വര്‍ഷത്തില്‍ പത്തില്‍ താഴെ സിലിണ്ടറുകള്‍ മാത്രമാണ്‌ ഉപയോഗിക്കുന്നതെന്നതിനാല്‍ കുറച്ച നിരക്കിന്റെ ഗുണഭോക്‌താക്കള്‍ കുറവായിരിക്കും.

 

പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവ എല്ലാമാസവും ആദ്യവാരമാണ് പാചകവാതക വില പരിഷ്‌കരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്ക് അനുസൃതമായാണ് പരിഷ്‌കരണം. അതിനിടെ, വിമാന ഇന്ധനവില എണ്ണക്കമ്പനികള്‍ ഒരു ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. വിലവര്‍ധനമൂലം വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തുമോയെന്ന് വ്യക്തമല്ല.