Skip to main content
കൊച്ചി

partner keralaനഗരവികസന പദ്ധതികള്‍ക്ക് സ്വകാര്യ പങ്കാളിത്തത്തിലൂടെ പണം കണ്ടെത്തുന്നതിനായി നഗരകാര്യ വകുപ്പ് സംഘടിപ്പിച്ച പാര്‍ട്ണര്‍ കേരള സംഗമത്തില്‍ 100 താല്‍പര്യപത്രങ്ങളില്‍ നിക്ഷേപകര്‍ ഒപ്പിട്ടതായി നഗരകാര്യ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി. 64 പദ്ധതികളിലായി 4291.89 കോടി രൂപയുടെ നിക്ഷേപത്തിനാണ് ഇതോടെ സാധ്യത തെളിഞ്ഞിരിക്കുന്നതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

പ്രതീക്ഷിച്ചതിന്റെ മൂന്നില്‍ രണ്ട് തുകയുടെ പദ്ധതികള്‍ക്ക് നിക്ഷേപകരെ കണ്ടെത്താന്‍ തിങ്കള്‍ ചൊവ്വ ദിവസങ്ങളിലായി നടന്ന സംഗമത്തിലൂടെ സാധിച്ചതായി മന്ത്രി അറിയിച്ചു. 6500 കോടി രൂപ നിക്ഷേപം ആവശ്യമുള്ള 84 പദ്ധതികളാണ് സംസ്ഥാനത്തെ വിവിധ നഗരസഭകളും വികസന അതോറിട്ടികളും പാര്‍ട്ണര്‍ കേരള സംഗമത്തില്‍ അവതരിപ്പിച്ചത്.

 

തൃശൂര്‍ നഗരസഭയുടെ 700 കോടി ചെലവു കണക്കാക്കുന്ന ശക്തന്‍ നഗര്‍ സമഗ്ര വികസന പദ്ധതിക്കും വിശാല കൊച്ചി വികസന അതോറിട്ടി മുന്നോട്ടുവച്ച 85 കോടി രൂപ ചെലവു കണക്കാക്കുന്ന ടണല്‍ മറൈന്‍ അക്വേറിയത്തിനുമാണ് ഏറ്റവും കൂടുതല്‍ നിക്ഷേപകരുടെ ശ്രദ്ധ നേടാനായത്. നാല് നിക്ഷേപകരാണ് ഈ പദ്ധതികളില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.

 

അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍ ജിസിഡിഎ പദ്ധതിയിട്ടിരിക്കുന്ന 126 കോടി രൂപയുടെ ഷോപ്പിംഗ് മാള്‍, കോഴിക്കോട് നഗരസഭയുടെ 20 കോടി ചെലവു പ്രതീക്ഷിക്കുന്ന നടക്കാവ് ഏരിയ ഡെവലപ്‌മെന്റ് എന്നീ പദ്ധതികള്‍ക്ക് മൂന്നു നിക്ഷേപകര്‍ വീതവും താല്‍പര്യപത്രത്തില്‍ ഒപ്പിട്ടിട്ടുണ്ട്. 18 പദ്ധതികള്‍ക്ക് രണ്ടു നിക്ഷേപകര്‍ വീതവും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മറ്റു പദ്ധതികള്‍ക്ക് ഓരോ നിക്ഷേപകരുമാണുള്ളത്.

 

ഒന്നിലേറെപ്പേര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ള പദ്ധതികളില്‍ അവരെയെല്ലാം ഒരിടത്തേക്ക് വിളിച്ച് വിശദമായ ചര്‍ച്ച നടത്തും. ഓരോരുത്തരും തയ്യാറാക്കിക്കൊണ്ടുവരുന്ന വിശദ പദ്ധതികളില്‍ മികച്ചതാകും തെരഞ്ഞെടുക്കുക. ഒരു കമ്പനി മാത്രം താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ള പദ്ധതികളില്‍ സ്വിസ് ചലഞ്ച് രീതിയായിരിക്കും അവലംബിക്കുക.

 

ചൊവാഴ്ച വൈകിട്ടു നടന്ന സമാപന സമ്മേളനം പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷനായിരുന്നു. മേയര്‍മാരും വിവിധ നഗരസഭകളുടെയും വികസന അതോറിട്ടികളുടെയും അധ്യക്ഷന്മാരും ചടങ്ങില്‍ പങ്കെടുത്തു.