ആറന്മുളയിലെ നിർദ്ദിഷ്ട വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് നിയോഗിച്ച അഭിഭാഷക കമ്മിഷൻ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമർപ്പിച്ചു. വിമാനത്താവളത്തിനായി ക്ഷേത്ര കൊടിമരത്തിന്റെ ഉയരം കുറയ്ക്കാനാവില്ലെന്നും കൊടിമരത്തിന്റെ ഉയരം കുറച്ചാൽ അത് ദേവീചൈതന്യത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി ക്ഷേത്രം തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് നൽകിയ കത്തും കമ്മിഷൻ ഹൈക്കോടതിയിൽ ഹാജരാക്കി.
വിമാനത്താവളം ക്ഷേത്രാചാരങ്ങളെ തടസപ്പെടുത്തുമെന്നും ക്ഷേത്രത്തിന്റെ ഭാവി വികസനത്തിന് തടസമാകുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വിമാനത്താവളത്തിന്റെ റൺവേയ്ക്കായി ക്ഷേത്ര കൊടിമരത്തിന് മുകളിൽ ലൈറ്റ് സ്ഥാപിക്കേണ്ടി വരും. ഇത് ക്ഷേത്രാചാരത്തിന് വിരുദ്ധമാണ്.
വിമാനത്താവള പദ്ധതിക്കായി കെ.ജി.എസ്. ഗ്രൂപ്പിന് എട്ട് അനുമതി പത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിനായി നാലോളം കുന്നുകൾ ഇടിച്ചു നിരത്തേണ്ടി വരും. ഇന്നലെ കെ.ജി.എസ് ഗ്രൂപ്പിന്റെ ഓഫീസിന് മുന്പില് വിമാനത്താവളത്തിനെതിരെയുള്ള രണ്ടാംഘട്ട ബഹുജന പ്രക്ഷോഭം ആരംഭിച്ചു.