Skip to main content
കൊച്ചി

catholic arrestedതര്‍ക്കത്തിലുള്ള ആലുവ തൃക്കുന്നത്ത് പള്ളിയില്‍ പൂട്ട്‌ പൊളിച്ച് ഒരു സംഘം കുര്‍ബാന നടത്തി. കുര്‍ബാനയ്ക്ക് നേതൃത്വം കൊടുത്ത ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാവയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വിശ്വാസികളെ മാറ്റി പള്ളി പോലീസ് വീണ്ടും പൂട്ടി മുദ്രവെച്ചു.

 

യാക്കോബായ, ഓര്‍ത്തഡോക്സ്‌ വിഭാഗക്കാര്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്ന ഇവിടെ കൂടുതല്‍ പ്രശ്നങ്ങളുണ്ടാവാതിരിക്കാനാണ് ബാവയെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു. അഞ്ച് മെത്രാപ്പൊലീത്തമാരെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പുലര്‍ച്ചെ നാലുമണിയോടെയാണ് അന്‍പതോളം വിശ്വാസികള്‍ ബാവയുടെ നേതൃത്വത്തില്‍ സെമിനാരിയോട് ചേര്‍ന്നുള്ള പള്ളിയിലെത്തി കുര്‍ബാന നടത്തിയത്.

തൃക്കുന്നത്ത് സെമിനാരിയും പള്ളിയും അനുബന്ധ സ്ഥാപനങ്ങളുടെയും ഉടമസ്ഥത സംബന്ധിച്ച് ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ 32 വര്‍ഷമായി പള്ളി അടച്ചിട്ടിരിക്കുകയായിരുന്നു. തർക്കം ഹൈക്കോടതിയുടെ പരിഗണനയിലാണ്. താല്‍ക്കാലികമായി ശനി, ഞായര്‍ ദിവസങ്ങളില്‍ നിബന്ധനകള്‍ അനുസരിച്ച് പള്ളി തുറക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ജനുവരി 22-ന് ആരാധനക്ക് വേണ്ടി പള്ളി തുറന്നുകൊടുത്തിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ് സെമിനാരി.

 

ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് കാതോലിക്ക ബാവയെ ആശുപത്രിയിലേക്ക് മാറ്റിയത്.  ബാവയെ അറസ്റ്റു ചെയ്ത വിവരമറിഞ്ഞ് കൂടുതല്‍ വിശ്വാസികൾ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് കനത്ത പൊലിസ് കാവൽ ഏർപ്പെടുത്തി.