Skip to main content
കോഴിക്കോട്

uralunkal labour society

 

വടക്കന്‍ കേരളത്തിലെ പ്രശസ്തമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഐക്യരാഷ്ട്ര സഭയുടെ ശ്രദ്ധയിലേക്ക്. നിര്‍മാണമേഖലയിലെ ഒമ്പതു പതിറ്റാണ്ടു നീണ്ട പ്രവര്‍ത്തനത്തിനൊടുവില്‍ 210 കോടിയുടെ സഹകരണ സൈബര്‍ പാര്‍ക്ക് കമ്മീഷന്‍ ചെയ്യാനൊരുങ്ങുന്ന സംഘത്തിന്റെ ഇതുവരെയുള്ള വളര്‍ച്ചയെപ്പറ്റി ഡോക്യുമെന്ററി നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് യുഎന്‍.

 

സംഘത്തിന്റെ പ്രവര്‍ത്തനത്തിലും അംഗങ്ങളുടെ അഭിവൃദ്ധിക്കായി കൈക്കൊള്ളുന്ന വിവിധ നടപടികളിലും ആകൃഷ്ടയായ ഇന്ത്യയിലെ യുഎന്‍ റെസിഡന്റ് കോ ഓര്‍ഡിനേറ്റര്‍ ലിസ് ഗ്രാന്‍ഡേയാണ് ഇതിന് മുന്‍കൈ എടുക്കുന്നത്.       ഐ.ടിയും ടൂറിസവും ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന മേഖലകളിലേക്കുള്ള സംഘത്തിന്റെ വിപുലീകരണമാണ് ഗ്രാന്‍ഡേയെ ആകര്‍ഷിച്ചത്. സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ കോഴിക്കോട് 4,82,000 ചതുരശ്ര അടിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന യു.എല്‍ സൈബര്‍ പാര്‍ക്ക് ഇത്തരത്തിലുളള ആദ്യസംരംഭമാണ്.

 

മറ്റുള്ളവര്‍ക്ക് മാതൃകയാക്കാനും അനുകരിക്കാനും പറ്റുന്ന പാഠങ്ങള്‍ പകര്‍ന്നു കൊടുക്കുകയാണ് ഡോക്യുമെന്ററിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗ്രാന്‍ഡേ പറഞ്ഞു. ലോകത്തു മറ്റൊരിടത്തും ഇത്രയും സജീവവും ഊര്‍ജ്ജസ്വലവുമായി പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനത്തെ കണ്ടെത്താനായിവില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

 

ലാഭമുണ്ടാക്കുക മാത്രമല്ല, പ്രദേശത്തെ ജനങ്ങള്‍ക്ക് ജീവിക്കാനാവശ്യമായ രീതിയിലുള്ള സാമൂഹിക വികസനവും തങ്ങളുടെ ലക്ഷ്യമാണെന്ന് ഊരാളുങ്കല്‍ സംഘത്തിന്റെ പ്രസിഡന്റ് പി.രമേശന്‍ പറഞ്ഞു. കുറഞ്ഞ ലാഭത്തിലും അംഗങ്ങള്‍ക്ക് ഗുണകരമാകുന്ന പദ്ധതികളാണ് സംഘം ഏറ്റെടുത്തിട്ടുള്ളത്. അംഗങ്ങള്‍ക്കു മുന്‍ഗണനയെന്ന തങ്ങളുടെ ചിന്താഗതി അംഗീകരിക്കപ്പെട്ടുവെന്നും കഴിഞ്ഞ 89 വര്‍ഷത്തിനിടയില്‍ തൊഴില്‍ പ്രശ്നത്തെ തുടര്‍ന്ന് ഒരു ദിവസംപോലും ജോലി മുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

1925-ല്‍ 14 അംഗങ്ങളുമായി തുടങ്ങിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം ഇന്ന് 1600 സ്ഥിരം തൊഴിലാളികളും ഗ്രാമീണ മേഖലയില്‍ 2000 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുകയും ചെയ്യുന്ന ബൃഹദ് പ്രസ്ഥാനമാണ്. നാലുവരിയില്‍ നിര്‍മിച്ച കോഴിക്കോട് ബൈപ്പാസും ബീച്ച് റോഡും ഉള്‍പ്പെടെ കേരളത്തിലെ 3500-ല്‍ അധികം അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കാന്‍ ഏഷ്യയിലെ ഏറ്റവും വലുതും ഇന്ത്യയിലെ ഏറ്റവും മികച്ചതുമായ ഈ സഹകരണസംഘത്തിന് സാധിച്ചിട്ടുണ്ട്.

 

പദ്ധതികള്‍ നടപ്പാക്കുന്നവര്‍ക്ക് അധികാരമേല്‍പ്പിച്ചു കൊടുക്കുന്നതിലൂടെ സഹകരണ മേഖലയില്‍ മികച്ചൊരു മാതൃക പരിപോഷിപ്പിച്ചെടുക്കാനും സംഘത്തിനു സാധിച്ചിട്ടുണ്ട്. ഭരണസമിതിയില്‍ തൊഴിലാളികള്‍ക്കു മാത്രവും പദ്ധതി നടത്തിപ്പില്‍ ഭരണസമിതി അംഗങ്ങള്‍ക്കു മാത്രവും അവകാശം നല്‍കുന്നതാണ് സൊസൈറ്റിയുടെ ചട്ടങ്ങള്‍. താഴേത്തട്ടു മുതല്‍ മുകള്‍ത്തട്ടുവരെയുള്ള മാനേജ്‌മെന്റ് സംവിധാനവും സംഘത്തിന്റെ നിബന്ധനകള്‍ക്കനുസരിച്ച് തീരുമാനമെടുക്കാനുള്ള തൊഴിലാളികളുടെ അവകാശവും ഇതിന്റെ പ്രത്യേകതയാണ്.

 

ഇതിലെല്ലാമുപരി അംഗങ്ങള്‍ക്കായി കുട്ടികളുടെ വിദ്യാഭ്യാസം, വനിതാ ശാക്തീകരണം, രോഗ ചികില്‍സ തുടങ്ങിയ കാര്യങ്ങളിലും ഇവര്‍ക്ക് പദ്ധതികളുണ്ട്. വര്‍ഷത്തില്‍ രണ്ടുതവണ ബോണസ്, ചികില്‍സാ സഹായം, പി.എഫും ഗ്രാറ്റുവിറ്റിയും എനിവയ്ക്ക് പുറമേ കൂടാതെ അംഗങ്ങള്‍ക്കായി സഹകരണ വിദ്യാഭ്യാസവും നൈപുണ്യ പരിശീലനവും കാലാനുസൃതമായി സംഘം നടത്തുന്നു.

 

തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കിലെ രണ്ടാം ഘട്ടം സജ്ജീകരിച്ചു കഴിഞ്ഞ യുഎല്‍ ടെക്‌നോളജി സൊല്യൂഷന്‍സിനു പിന്നിലും ഊരാളുങ്കല്‍ സഹകരണ സംഘമാണ്. ഇരിങ്ങലിലെ സര്‍ഗാലയ ആര്‍ട് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ് ആണ് ടൂറിസം മേഖലയില്‍ സംഘത്തിന്റെ സംഭാവന. പിന്നാക്കമേഖലയിലുള്ളവര്‍ക്കായി യു.എല്‍ ഫൗണ്ടേഷന്‍ നൈപുണ്യ, വിഭവ പരിശീലനങ്ങളും നല്‍കുന്നുണ്ട്.