Skip to main content
കോഴിക്കോട്

p mohananടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയവെ സി.പി.ഐ.എം നേതാവ് പി മോഹനനും സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ അറസ്റ്റിലായ ഫായിസും കോഴിക്കോട് ജയിലില്‍ കൂടിക്കാഴ്ച നടത്തിയ ദൃശ്യങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന്‍ കോഴിക്കോട് ജില്ലാ ജയിലില്‍ കുടുതല്‍ സി.സി ടി.വി ക്യാമറകള്‍ വെക്കാന്‍ നിര്‍ദേശം.  വെല്‍ഫെയര്‍ ഓഫീസറുടെ മുറിയിലടക്കം ഇനി ക്യാമറകള്‍ വെക്കണമെന്നാണ് നിര്‍ദേശം.

 

ടി.വി ദൃശ്യങ്ങള്‍ തനിക്കെതിരായ ഗൂഢാലോചനയെന്ന് പി.മോഹനന്‍ ആരോപിച്ചു. താന്‍ ജയിലിനുള്ളില്‍ ഫായിസുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും തന്‍റെതായി പുറത്തുവരുന്ന ദൃശ്യങ്ങളില്‍ വ്യക്തതയില്ലെന്നും പി.മോഹനന്‍ പറഞ്ഞു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി ശിക്ഷാവിധി പ്രഖ്യാപിച്ച ശേഷം പുറത്തുവരുന്ന ഈ ദൃശ്യങ്ങളില്‍ ജയിലിലെ ചില ഉദ്യോഗസ്ഥര്‍ക്കും  പങ്കുണ്ട്. തനിക്കും സി.പി.ഐ.എമ്മിനുമെതിരെ നടക്കുന്ന ഉന്നതതല ഗൂഢാലോചനയാണ് ഇത്തരം നീക്കങ്ങള്‍ക്കു പിന്നിലെന്നും പി.മോഹനന്‍ അറിയിച്ചു.

 

വിവാദ കൂടിക്കാഴ്ച അന്വേഷിക്കണമെന്ന് ടി.പിയുടെ ഭാര്യ കെ.കെ രമ ആവശ്യപ്പെട്ടു. കള്ളക്കടത്തുകാരും കൊലയാളി സംഘവുമായും സി.പി.ഐ.എമ്മിനുള്ള ബന്ധമാണ് ഇത് വ്യക്തമാക്കുന്നതെന്നും ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.ഐ.എം അന്താരാഷ്ട്ര കള്ളക്കടത്തുകാരുടെ സഹായം തേടിയിട്ടുണ്ടെന്നും ആര്‍.എം.പി അറിയിച്ചു.