Skip to main content
തിരുവനന്തപുരം

kudumbasree meetingസംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതികള്‍ നടപ്പിലാക്കാന്‍ യോഗ്യരായ സന്നദ്ധ സംഘടനകളെ എംപാനല്‍ ചെയ്യുന്നു. പ്രവര്‍ത്തനമാരംഭിച്ചിട്ട് കുറഞ്ഞത് അഞ്ച് വര്‍ഷം പൂര്‍ത്തിയായതും മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതി നടപ്പിലാക്കി മൂന്ന് വര്‍ഷമെങ്കിലും പരിചയം ഉള്ളതുമായ സന്നദ്ധ സംഘടനകളെയാണ് എംപാനല്‍ ചെയ്യുന്നതിന് പരിഗണിക്കുക.

 

സ്വയം സഹായ സംഘങ്ങള്‍ വഴി മറ്റു പിന്നാക്ക വിഭാഗത്തിലും മതന്യൂനപക്ഷ വിഭാഗത്തിലും ഉള്‍പ്പെട്ടവര്‍ക്ക് യഥാക്രമം അഞ്ചും ആറും ശതമാനമെന്ന നിരക്കില്‍ വായ്പകള്‍ ലഭിക്കുന്ന പദ്ധതിയുടെ നടത്തിപ്പാണ് സന്നദ്ധസംഘടനകളുടെ ചുമതല. എന്നാല്‍, അംഗങ്ങളില്‍ നാലില്‍ മൂന്ന്‍ പേരെങ്കിലും സമാന വിഭാഗത്തില്‍ പെട്ട സംഘങ്ങള്‍ വഴിയെ വായ്പ നല്‍കൂ.

 

ദേശീയ പിന്നാക്ക വിഭാഗ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം മറ്റു പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ട 75 ശതമാനം എങ്കിലും അംഗങ്ങള്‍ ഉള്ള സ്വയം സഹായ സംഘങ്ങള്‍ വഴിയാണ് വായ്പ വിതരണം ചെയ്യേണ്ടത്. സന്നദ്ധ സംഘടനകള്‍ക്ക് മൂന്ന് ശതമാനം നിരക്കില്‍ അനുവദിക്കുന്ന വായ്പ സ്വയംസഹായ സംഘങ്ങള്‍ വഴി വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് അഞ്ച് ശതമാനം പലിശ നിരക്കിലും നല്‍കേണ്ടതാണ്.

 

ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ വായ്പ ഉപയോഗിച്ച് നടപ്പിലാക്കി വരുന്ന മൈക്രോ ക്രെഡിറ്റ് വായ്പ മതന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ട 75 ശതമാനം എങ്കിലും അംഗങ്ങള്‍ ഉള്ള സ്വയം സഹായ സംഘങ്ങള്‍ വഴി വിതരണം ചെയ്യേണ്ടതാണ്. സന്നദ്ധ സംഘടനകള്‍ക്ക് രണ്ട് ശതമാനം നിരക്കില്‍ അനുവദിക്കുന്ന വായ്പ സ്വയംസഹായ സംഘങ്ങള്‍ വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് ആറ് ശതമാനം പലിശ നിരക്കില്‍ നല്‍കേണ്ടതാണ്.

 

ഗുണഭോക്താക്കളുടെ വാര്‍ഷിക കുടുംബവരുമാനം ഗ്രാമപ്രദേശം 81,000 രൂപയില്‍ താഴെയും നഗരപ്രദേശം 1,03,000 രൂപയില്‍ താഴെയായിരിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28.