Skip to main content
തിരുവനന്തപുരം

suman billa receives unwto award

 

കേരള ടൂറിസത്തിന്റെ സുസ്ഥിര ടൂറിസം വികസന പദ്ധതിയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം. യു.എന്‍ ലോക ടൂറിസം സംഘടന (യു.എന്‍-ഡബ്ലിയു.ടി.ഒ) നൂതനമായ പദ്ധതികളിലൂടെ ആഗോള ടൂറിസം നയത്തിന് രൂപമുണ്ടാക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ യൂളിസീസ് അവാര്‍ഡ് ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ പബ്ലിക് പോളിസി ആന്‍ഡ് ഗവേണന്‍സ് ആണ് കേരള ടൂറിസം നേടിയത്. 2003 മുതല്‍ യു.എന്‍-ഡബ്ലിയു.ടി.ഒ നല്‍കിവരുന്ന വിവിധ യൂളിസീസ് പുരസ്കാരങ്ങളില്‍ ആദ്യമായാണ് ഒരെണ്ണം ഇന്ത്യയില്‍ നിന്നുള്ള സ്ഥാപനത്തിന് ലഭിക്കുന്നത്.

 

കുമരകത്ത് നടപ്പാക്കിയ ഉത്തരവാദ ടൂറിസം പദ്ധതിയാണ് കേരള ടൂറിസത്തെ ഈ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ ജനുവരി 22-ന് നടന്ന ചടങ്ങില്‍ സംസ്ഥാന ടൂറിസം സെക്രട്ടറി സുമന്‍ ബില്ല പുരസ്‌കാരം ഏറ്റുവാങ്ങി. വ്യത്യസ്തമായ മാര്‍ഗത്തിലൂടെ ഉത്തരവാദ, സുസ്ഥിര വിനോദസഞ്ചാരം സാധ്യമാക്കുന്ന ജനകീയ പ്രകൃതിസൗഹൃദ വിനോദസഞ്ചാര ലക്ഷ്യസ്ഥാനമാണ് കേരളമെന്ന് പുരസ്‌കാരവിതരണ ചടങ്ങില്‍ യു.എന്‍-ഡബ്ലിയു.ടി.ഒ സെക്രട്ടറി ജനറല്‍ തലിബ് റിഫായ് പറഞ്ഞു.

 

കഴിഞ്ഞ മാര്‍ച്ചില്‍ മികച്ച ഗ്രാമീണ ടൂറിസം പദ്ധതിക്കുള്ള ദേശീയ അവാര്‍ഡും ഈ പദ്ധതിക്കു ലഭിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനുള്ള പാറ്റാ സുവര്‍ണ പുരസ്‌ക്കാരവും കുമരകം പദ്ധതിക്കു ലഭിച്ചിട്ടുണ്ട്.

 

ലോകരാജ്യങ്ങളിലെ ഉത്തരവാദ, സുസ്ഥിര, ആഗോള അംഗീകൃത വിനോദസഞ്ചാര പദ്ധതികളെ പ്രോല്‍സാഹിപ്പിക്കുന്നതിനായുള്ള ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയാണ് യു.എന്‍-ഡബ്ലിയു.ടി.ഒ. യുഎന്‍ മില്ലേനിയം ഡെവലപ്‌മെന്റ് ഗോള്‍സിന്റെ മാനകീകരണങ്ങള്‍ക്കും യു.എന്‍-ഡബ്ലിയു.ടി.ഒയുടെ കോഡ് ഓഫ് എത്തിക്‌സിനും അനുസൃതമായി നടപ്പാക്കപ്പെടുന്ന പദ്ധതികള്‍ക്കാണ് പുരസ്‌കാരം നല്‍കുക.

 

മാഡ്രിഡില്‍ നടന്ന രാജ്യാന്തര ടൂറിസം ട്രേഡ് ഫെയറിലാണ് (ഫിറ്റുര്‍) പുരസ്‌കാര പ്രഖ്യാപനവും വിതരണവും നടന്നത്. 156 അംഗരാജ്യങ്ങളും ആറ് അസോഷ്യേറ്റ് അംഗങ്ങളുമുള്ള യു.എന്‍-ഡബ്ലിയു.ടി.ഒയില്‍ സ്വകാര്യ മേഖലയില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ടൂറിസം അസോസിയേഷനുകളില്‍ നിന്നും പ്രാദേശിക വിനോദസഞ്ചാര സ്ഥാപനങ്ങളില്‍ നിന്നുമായി 400 അംഗങ്ങള്‍ വേറെയുമുണ്ട്.