Skip to main content
കോഴിക്കോട്

KK Ramaടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ടി.പി.യുടെ ഭാര്യയും ആര്‍.എം.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ കെ.കെ. രമ സമരത്തിനൊരുങ്ങുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ ഫെബ്രുവരി മൂന്നിന് നിരാഹാരസമരം ആരംഭിക്കും.

കോഴിക്കോട് ചേര്‍ന്ന ആര്‍.എം.പി. യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. സി.ബി.ഐ അന്വേഷണത്തിന് നടപടിയുണ്ടാകും വരെ   റിലേ നിരാഹാരമിരിക്കുമെന്ന് ആര്‍.എം.പി. നേതാവ്  എന്‍. വേണു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ടി.പി  വധക്കേസില്‍ 12 പേര്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി വിധിച്ചിരുന്നു. എന്നാല്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി മോഹനന്‍ ഉള്‍പ്പെടെ 24 പ്രതികളെ പ്രത്യേക കോടതി ജഡ്ജി നാരായണ പിഷാരടി വെറുതെ വിടുകയാണ് ഉണ്ടായത്.

 
സി.പി.ഐ.എമ്മിന്‍റെ സംസ്ഥാന നേതൃത്വം നടത്തിയ ഗൂഢാലോചനയുടെ പരിണിത ഫലമാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട വിധിയെന്നും,  അതിന് എതിരെയാണ് തന്‍റെ സമരമെന്നും കെ.കെ. രമ പറഞ്ഞു.    കോടതിവിധി വന്നതോടെ കാര്യങ്ങള്‍ കുടുതല്‍ വ്യക്തമായിട്ടുണ്ട്. സി.പി.ഐ.എമ്മിന്‍റെ ഏതൊക്കെ മുതിര്‍ന്ന നേതാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് അറിയണം. പി. മോഹനന്‍റെ അറസ്റ്റിന് പിന്നാലെയാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇരുമുന്നണികളും ശ്രമം തുടങ്ങിയതെന്നും അവര്‍ പറഞ്ഞു.

 

പ്രോസിക്യൂട്ടര്‍മാര്‍ ചുമതല നിറവേറ്റിയെങ്കിലും പ്രമുഖരിലേക്ക് കേസ് എത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സി.പി.ഐ.എം നടത്തിയിരുന്നു. ഈ കള്ളക്കളികള്‍ക്ക് എതിരെയാണ് സമരം. സമരത്തിന് പിന്തുണ നല്‍കാന്‍ എല്ലാ ജില്ലകളില്‍നിന്നും ആര്‍.എം.പി. പ്രവര്‍ത്തകര്‍ എത്തും. രമയുടെ സമരത്തിനൊപ്പം റിലേ നിരാഹാരവും ഉണ്ടാകും.