Skip to main content
കോഴിക്കോട്

tp chandrasekharanആർ.എം.പി. നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ 12 പ്രതികള്‍ക്കുള്ള ശിക്ഷ ജനുവരി 28-ന് വിധിക്കുമെന്ന് കോടതി. എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍.നാരായണ പിഷാരടിയാണ് ജനുവരി 28-ന് പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിക്കുക.

 

സി.പി.എം. വിട്ട്‌ ഒഞ്ചിയത്ത്‌ ആര്‍.എം.പി. എന്ന വിമത സംഘടനയ്‌ക്കു നേതൃത്വം നല്‍കിയ ടി.പി.ചന്ദ്രശേഖരന്‍ 2012 മേയ്‌ നാലിനു രാത്രി പത്തേകാലോടെ വള്ളിക്കാട്‌ ടൗണിലാണു വെട്ടേറ്റു മരിച്ചത്‌. കേസിലെ 36 പ്രതികളില്‍ മൂന്ന് സി.പി.എം നേതാക്കളുള്‍പ്പടെ 12 പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പി മോഹനന്‍ മാസ്റ്ററുള്‍പ്പടെ 24 പ്രതികളെ വെറുതെ വിട്ടു.

 

കൊലയാളി സംഘത്തിലുണ്ടായിരുന്ന എം.സി അനൂപ്, കിര്‍മാണി മനോജ്, കോടി സുനി, ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായ കെ.സി രാമചന്ദ്രന്‍, പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ കുഞ്ഞനന്തന്‍ എന്നിവര്‍ ഗൂഢാലോചനയില്‍ പങ്കാളികളായെന്നും കോടതി കണ്ടെത്തി. 

 

സി.പി.എം കടുങ്ങോന്‍പൊയില്‍ ബ്രാഞ്ച് സെക്രട്ടറി ട്രൗസര്‍ മനോജ്, മാഹി സ്വദേശി വാഴപ്പടച്ചി റഫീഖ്, കണ്ണൂര്‍ സ്വദേശി ലംബു പ്രദീപന്‍ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് വിധിച്ച മറ്റ് പ്രതികള്‍.