Skip to main content
കോഴിക്കോട്

ജയിലില്‍ മൊബൈല്‍ ഫോണ്‍, ഫെയ്‌സ്ബുക്ക് എന്നിവ ഉപയോഗിച്ച കേസില്‍ കൊടി സുനി ഉള്‍പ്പെടെ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ആറു പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ്‌ ചെയ്തു. കെ.കെ. മുഹമ്മദ് ഷാഫി, ടി.കെ. രജീഷ്, കിര്‍മാണി മനോജ്, കെ. ഷിനോജ്, സി. രഞ്ജിത്ത് എന്നിവരെ ആണ് റിമാന്‍ഡ്‌ ചെയ്തത്. മുന്‍ ജയില്‍ സുപ്രണ്ടുമാരെ പോലീസ് ഇന്ന് ചോദ്യം ചെയ്തേക്കും.

 

ടി.പി. കേസില്‍ റിമാന്‍ഡിലുള്ള ഇവരുടെ അറസ്റ്റ് അന്വേഷണ ഉദ്യോഗസ്ഥനായ കസബ സി.ഐ, എന്‍.ബിശ്വാസ് ജില്ലാ ജയിലിലെത്തി രേഖപ്പെടുത്തുകയായിരുന്നു. ചാനല്‍ ലേഖകന്‍ കേസിലെ പ്രതിയായ മുഹമ്മദ് റാഫിയുമായി ഫോണില്‍ സംസാരിച്ചതിന്‍റെ ശബ്ദരേഖ ഡിസംബര്‍ രണ്ടിന് ഒരു ചാനല്‍ പുറത്തുവിട്ടിരുന്നു. ഈ ഫോണ്‍സംഭാഷണത്തിന്‍റെ ശബ്ദരേഖ, ജയിലില്‍നിന്ന് കണ്ടെടുത്ത പത്ത് മൊബൈല്‍ ഫോണുകള്‍, ഇവയില്‍ ഉണ്ടായിരുന്ന സിംകാര്‍ഡുകളില്‍ നിന്ന് പുറത്തേക്ക് പോയ കോളുകളുടെ വിവരങ്ങള്‍, ഇവരുടെ കോളുകള്‍ സ്വീകരിച്ചവരുടെ മൊഴികള്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍. 

 

കേരള പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് (മാനേജ്‌മെന്‍റ്) ആക്ട് 2010-ലെ 86 (1, 2, 3) വകുപ്പുകള്‍പ്രകാരമാണ് ആറുപേരെ കേസില്‍ പ്രതിചേര്‍ത്തത്. മാഹി ഇരട്ടക്കൊലക്കേസില്‍ പ്രതിയായ ഫൈസല്‍ കൈമാറിയ സിംകാര്‍ഡ് ഉപയോഗിച്ചാണ് മുഹമ്മദ് ഷാഫിയും മറ്റുള്ളവരും ജയിലിനുള്ളില്‍നിന്ന് പുറത്തേക്ക് ഫോണ്‍  ചെയ്തതെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരട്ടക്കൊലക്കേസില്‍ തലശ്ശേരി കോടതിയില്‍ ഷാഫിയെ ഹാജരാക്കിയപ്പോഴാണ് ഫൈസല്‍ സിംകാര്‍ഡ് കൈമാറിയത്.