Skip to main content
തിരുവനന്തപുരം

മലയാളസിനിമയുടെ ആദ്യകാല ഗായകനും സംഗീതസംവിധായകനുമായിരുന്ന കെ.പി.ഉദയഭാനു അന്തരിച്ചു. 77 വയസ്സായിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായി ദീര്‍ഘനാളായി  ചികിത്സയിലായിരുന്നു.  ഞായറാഴ്ച രാത്രിയില്‍ തിരുവനന്തപുരത്ത് വസതിയിലായിരുന്നു അന്ത്യം.  മൃതദേഹം രാവിലെ 11 മണി മുതല്‍ വി.ജെ.ടി. ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു.   സംസ്കാരം  ഉച്ചയ്ക്ക് രണ്ട് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ നടത്തി.

1936 ല്‍ പാലക്കാട് ജില്ലയിലെ തരൂരില്‍ ജനിച്ചു.  സ്വാതന്ത്ര്യസമര നേതാവും 'മാതൃഭൂമി' സ്ഥാപകനുമായ കെ.പി.കേശവമേനോന്റെ അനന്തിരവനാണ്   ഉദയഭാനു. അഛന്‍- എന്‍.എസ്.വര്‍മ്മ , അമ്മ-  അമ്മു നേത്യാരമ്മ.  മകന്‍ രാജീവ്, മരുമകള്‍ സരിത.  ഭാര്യ വിജയലക്ഷ്മി (2007-ല്‍ അന്തരിച്ചു)

ഉദയഭാനു ആദ്യമായി പാടിയത് 1958 ല്‍ ഇറങ്ങിയ "നായര് പിടിച്ച പുലിവാലി"ലായിരുന്നു. 'സമസ്യ' എന്ന ചിത്രത്തിലാണ് അദ്ദേഹം സംഗീത സംവിധായകന്‍ ആകുന്നത്. ബാബുരാജിന്റെ സംഗീത സംവിധാനത്തില്‍ പിറന്നുവീണ ഒട്ടേറെ ചലച്ചിത്ര ഗാനങ്ങള്‍ മലയാള സിനിമയില്‍ എക്കാലവും മധുര ഗാനങ്ങളായിരുന്നു.
 2009 ല്‍ അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചു. ആകാശവാണിയിലെ അര്‍ട്ടിസ്റ്റ് ആയിരുന്ന അദ്ദേഹം കോഴിക്കോട്, തിരുവനന്തപുരം നിലയങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.  കോഴിക്കോട് ആകാശവാണിയിലായിരുന്നപ്പോഴാണ് ബാബുരാജുമായി സൌഹൃദം ഉണ്ടാകുന്നതും തുടര്‍ന്നു മലയാളത്തിന് മറക്കാനാവാത്ത ഗാനങ്ങള്‍ ലഭിച്ചതും.