Skip to main content
കോഴിക്കോട്‌

tp chandrasekharanടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിക്ക് സമയം നീട്ടി നല്‍കി. പ്രത്യേക കോടതിയുടെ അപേക്ഷ പരിഗണിച്ച് ജനുവരി 31 വരെയാണ് ഹൈക്കോടതി സമയം നീട്ടി നല്‍കിയത്. ജനുവരി 22-ന് വിധി പ്രഖ്യാപിക്കുമെന്ന് നേരത്തെ പ്രത്യേക കോടതി ജഡ്ജി ആര്‍. നാരായണ പിഷാരടി അറിയിച്ചിരുന്നു.

 

കുറ്റപത്രം സമര്‍പ്പിച്ച് കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയായ ഡിസംബര്‍ 20-ന് വിചാരണ പൂര്‍ത്തിയാക്കിയാണ് കേസ് വിധി പറയാന്‍ മാറ്റിയത്. ഔദ്യോഗിക ആവശ്യവുമായി ബന്ധപ്പെട്ട് ജഡ്ജിക്ക് മാറിനില്‍ക്കേണ്ടി വരുന്നതിനാലാണ് വിധി പ്രസ്താവിക്കാന്‍ വീണ്ടും സമയം നീട്ടാന്‍ പ്രത്യേക കോടതി ആവശ്യപ്പെട്ടത്. വിചാരണ നവംബര്‍ 30-നുള്ളില്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ആദ്യ നിര്‍ദേശം. പിന്നീട് ഇത് പ്രത്യേക കോടതിയുടെ ആവശ്യപ്രകാരം ഇത് ഡിസംബര്‍ 31 വരെ നീട്ടി നല്‍കി.

 

കേസില്‍ 76 പേരെയാണ് പ്രതി ചേര്‍ത്തിരുന്നതെങ്കിലും ഇപ്പോള്‍ വിധി പറയുന്നത് 36 പേര്‍ക്കെതിരെ മാത്രമാണ്. കേസില്‍ രണ്ട് പേര്‍ ഒളിവിലാണ്. രണ്ടുപേരെ കുറ്റപത്രം വായിക്കുന്ന സമയത്തുതന്നെയും 20 പ്രതികളെ സാക്ഷിവിസ്താരം കഴിഞ്ഞപ്പോഴും തെളിവില്ലെന്ന് കണ്ട്  കോടതി കുറ്റവിമുക്തരാക്കി. 15 പേര്‍ക്കെതിരായ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഒമ്പതാം പ്രതിയും സി.പി.ഐ.എം നേതാവുമായിരുന്ന സി.എച്ച്. അശോകന്‍ വിചാരണക്കിടെ മരിച്ചു.

 

2012 മേയ് നാലിനാണ് കേസിനാസ്പദമായ സംഭവം. ഒഞ്ചിയത്ത് സി.പി.ഐ.എം വിമതര്‍ രൂപീകരിച്ച റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായ ടി.പി ചന്ദ്രശേഖരന്‍ രാത്രി വടകരയ്ക്ക് സമീപം വള്ളിക്കാട് വച്ച് വെട്ടേറ്റു മരിക്കുകയായിരുന്നു. പ്രതികളില്‍ ഭൂരിഭാഗവും സി.പി.ഐ.എം പ്രവര്‍ത്തകരാണ്.