Skip to main content
കൊച്ചി

ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ നടത്തിപ്പുകാരായ കെ.ജി.എസ് ഗ്രൂപ്പിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നിർമാണ അനുമതി ലഭിച്ചു കൊണ്ടുള്ള ഉത്തരവും അനുബന്ധ പഠന റിപ്പോര്‍ട്ടുകളും പത്ത് ദിവസത്തിനകം ഹാജരാക്കാനാണ് ഉത്തരവ്. കേസില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ കക്ഷി ചേര്‍ക്കാനും കോടതി തീരുമാനിച്ചു.

 

aranmula templeവിമാനത്താവള നിര്‍മ്മാണത്തിന്റെ ഭാഗമായി ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ കൊടിമരത്തിലും ഗോപുരത്തിലും മാറ്റം വരുത്തണമെന്ന കമ്പനിയുടെ നിര്‍ദ്ദേശമാണ് സ്വമേധയാ എടുത്ത കേസില്‍ കോടതി പരിഗണിക്കുന്നത്. കിറ്റ്കോ തയ്യാറാക്കിയ സാധ്യതാ പഠന റിപ്പോര്‍ട്ടില്‍ തങ്ങള്‍ തിരുത്തല്‍ വരുത്തിയിട്ടില്ലെന്നും ചില കൂട്ടിച്ചേർക്കലുകൾ വരുത്തുകയാണ് ചെയ്തതെന്നും കെ.ജി.എസ് ഗ്രൂപ്പ് കോടതിയെ അറിയിച്ചു.  ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു പഠനവും  തങ്ങള്‍ നടത്തിയിട്ടില്ലെന്ന് കിറ്റ്കോ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

 

ക്ഷേത്രത്തിലെ കൊടിമരത്തിന്റെ ഉയരം കുറയ്ക്കാനും ഗോപുരവാതില്‍ മാറ്റി സ്ഥാപിക്കാനുമാവില്ലെന്ന് ദേവസ്വം ഓംബുഡ്‌സ്മാന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കേസെടുത്ത കോടതി വസ്തുതകള്‍ പരിശോധിക്കാന്‍ അഭിഭാഷക കമ്മീഷനെ നിയമിച്ചിട്ടുണ്ട്.