സൂര്യനെല്ലിക്കേസില്‍ പെണ്‍കുട്ടിയുടെ വാദം കേള്‍ക്കാതെ പി.ജെ കുര്യനെ കുറ്റവിമുക്തനാക്കിയ നടപടി ശരിയായില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കേസില്‍ പി.ജെ കുര്യനെ കുറ്റവിമുക്തനാക്കുന്ന 2006 ലെ ഹൈക്കോടതി വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി. ഭവദാസന്‍ കേസ് വിധി പറയുന്നതിന് മാറ്റി.
കേസിലെ മുഖ്യപ്രതി ധര്‍മരാജന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പി.ജെ കുര്യനെയും പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി നേരത്തെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ടിട്ടും 2007 മുതല്‍ പി.ജെ കുര്യന്‍ കേസിന്റെ പേരില്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നായിരുന്നു അന്ന് കോടതി പറഞ്ഞത്. 2006ല്‍ പി.ജെ.കുര്യനെ ഒഴിവാക്കിക്കൊണ്ട് ഹൈക്കോടതി വിധി പറഞ്ഞപ്പോൾ ആ കേസില്‍ സൂര്യനെല്ലി പെണ്‍കുട്ടി കക്ഷിയായിരുന്നില്ല. ഇക്കാര്യവും പുന:പരിശോധനാ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു