കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന്‍ ഹൈക്കോടതി. അന്വേഷണത്തില്‍ അറസ്റ്റിലായവര്‍ യഥാര്‍ത്ഥ പ്രതികളാണോ എന്ന് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത നാല് പ്രതികള്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം നല്‍കി. ഈ രീതിയിലാണ് അന്വേഷണം പുരോഗിമിക്കുന്നതെങ്കില്‍ കൂടുതല്‍ വിമര്‍ശനം നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
കേസന്വേഷണത്തില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും കോടതി പറഞ്ഞു. മാത്രമല്ല ആയിരം പേര്‍ ചേര്‍ന്ന് എങ്ങനെ ഗുഢാലോചന നടത്തി മുഖ്യമന്ത്രിക്ക് നേരെ കല്ലെറിയുമെന്ന് കോടതി ചോദിച്ചു.
എല്‍.ഡി.എഫിന്റെ പ്രതിഷേധത്തിനിടെയാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. കല്ല് കൊണ്ട് വാഹനത്തിന്റെ ചില്ല് തകരുകയും മുഖ്യമന്ത്രിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.