Skip to main content
ന്യൂഡല്‍ഹി

ranjith maheswaryഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന പരാതി തന്റെ കരിയര്‍ തകര്‍ക്കാനുള്ള ഉത്തരേന്ത്യന്‍ ലോബിയുടെ ഗൂഡാലോചനയാണെന്ന് കേരളത്തിന്റെ ട്രിപ്പിള്‍ ജമ്പ് താരം രഞ്ജിത്ത് മഹേശ്വരി ആരോപിച്ചു. 2008-ലോ പിന്നീട് മരുന്നടിച്ചതിന് വിലക്ക് നേരിട്ടിട്ടില്ലെന്നും തന്റെ മികച്ച പ്രകടനങ്ങള്‍ 2008-ന് ശേഷമാണെന്നും രഞ്ജിത്ത് പറഞ്ഞു. മരുന്നടിച്ചിരുന്നെന്ന ആരോപണത്തില്‍ രഞ്ജിത്ത് മഹേശ്വരിയുടെ അര്‍ജുന അവാര്‍ഡ് അവസാന നിമിഷം മരവിപ്പിച്ചിരുന്നു.

 

കായികമന്ത്രി ജീതേന്ദ്ര സിങ്ങുമായി രഞ്ജിത്ത് ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച വരെ കാത്തിരിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടതായി രഞ്ജിത്ത് അറിയിച്ചു. അവാര്‍ഡ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും ഉയര്‍ന്ന ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിച്ച ശേഷം തീരുമാനമെടുക്കാമെന്നും മന്ത്രി അറിയിച്ചതായും രഞ്ജിത്ത് പറഞ്ഞു. 

 

2008-ല്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്‍ മൂന്നു മാസം രഞ്ജിത്ത് സസ്പെന്‍ഷനിലായിരുന്നു എന്ന ആരോപണത്തിന് പിന്നാലെയാണ് വിതരണ ദിവസം അവാര്‍ഡ് മരവിപ്പിച്ചത്. നേരത്തെ കേരളത്തിന്റെ വോളിബോള്‍ താരം ടോം ജോസഫിന് അര്‍ജുന അവാര്‍ഡ് നല്‍കാത്തതും വിവാദമായിരുന്നു. ഒന്‍പതാം തവണയാണ് ടോം ജോസഫിന്റെ പേര് തള്ളുന്നത്.