Skip to main content
ന്യൂഡല്‍ഹി

അഴിമതിക്കേസില്‍ സി.ബി.ഐ പ്രതി ചേര്‍ത്ത  മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.അബ്ദുള്‍ റഷീദിനെ തത്‌സ്ഥാനത്ത് നിന്ന് നീക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. മഹാരാഷ്ട്രയിലെ താനെ പാസ്പോര്‍ട്ട്‌ ഓഫീസറും ഒറ്റപ്പാലം സ്വദേശിയുമായ കെ.വിജയകുമാറാണ് പകരം ചുമതലയേല്‍ക്കുക. അബ്ദുള്‍ റഷീദ് നിയമിതനാകുന്നതിന് മുമ്പ് വിജയകുമാറായിരുന്നു മലപ്പുറം പാസ്പോര്‍ട്ട്‌ ഓഫീസര്‍. 

 

ഡെപ്യൂട്ടേഷന്‍ കാലാവധിയായ രണ്ട് വര്‍ഷം ആഗസ്ത് നാലിന് പൂര്‍ത്തിയായതിനെ തുടര്‍ന്ന്‍ ഒരുവര്‍ഷം കൂടി ഡെപ്യൂട്ടേഷന്‍ നീട്ടി നല്‍കണമെന്ന് അബ്ദുള്‍ റഷീദ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അപേക്ഷ നിരസിക്കുകയായിരുന്നു. സംസ്ഥാന പോലീസില്‍ ഡി.വൈ.എസ്.പി.യായിരുന്ന അബ്ദുള്‍ റഷീദ് 2011 ആഗസ്ത് നാലിനാണ് മലപ്പുറം പാസ്പോര്‍ട്ട്‌ ഓഫീസറായി രണ്ടുവര്‍ഷത്തെ ഡെപ്യൂട്ടേഷനില്‍ ചുമതലയേറ്റത്.

മലപ്പുറത്തെ വ്യാജപാസ്പോര്‍ട്ടുകള്‍ സംബന്ധിച്ചും കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്ത് കേസിലും അബ്ദുൾ റഷീദ് ആരോപണ വിധേയനാണ്. റഷീദിന്റെ വീട്ടിലും ഓഫീസിലും സി ബി ഐ നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത രണ്ടര ലക്ഷത്തോളം രൂപയും രേഖകളും കണ്ടെടുക്കുകയുണ്ടായി. റഷീദിന്റെ ബാങ്ക് അക്കൗണ്ടുകളും സി ബി ഐ മരവിപ്പിച്ചിരിക്കുകയാണ്.