Skip to main content
തിരുവനന്തപുരം

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ 151 മരുന്നുകളുടെ വില കുറയും. ദേശീയ മരുന്നുവില നിയന്ത്രണ അതോറിറ്റിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് മരുന്ന് വില നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. രക്തസമ്മര്‍ദം, അര്‍ബുദം, ആസ്ത്മ, പ്രമേഹം, പനി, കൊളസ്റ്ററോള്‍, ഹൃദ്രോഗം, ടിബി, അപസ്മാരം തുടങ്ങിയവക്കുള്ള മരുന്നുകളിലാണ് വിലനിയന്ത്രണം. 20ശതമാനം മുതല്‍ 40 ശതമാനം വരെയാണ് വിലനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

കഴിഞ്ഞമാസം പതിനാലിനാണ് 151 മരുന്നുകളുടെ വിലകുറച്ച് മരുന്നുവില നിയന്ത്രണ അതോറിറ്റിയുടെ വിജ്ഞാപനം ഇറങ്ങിയത്. 45 ദിവസത്തിനുളളില്‍ വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കിത്തുടങ്ങണമെന്നായിരുന്നു ഉത്തരവ്. ഈ സമയപരിധി തിങ്കളാഴ്ച അവസാനിക്കും.. ഇന്നു മുതല്‍ പഴയവിലക്കു മരുന്ന് നല്‍കിയാല്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടമകള്‍ക്ക് ഏഴ് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കും.

 

എന്നാല്‍ പുതിയ വിലയനുസരിച്ചുള്ള മരുന്ന്‌ വിപണിയില്‍ എത്താത്തത്‌ ക്ഷാമത്തിന്‌ കാരണമായേക്കാം. അതുകൊണ്ടുതന്നെ സാവകാശം വേണമെന്നാണ്‌ മെഡിക്കല്‍ സ്റ്റോര്‍ ഉടമകള്‍ ആവശ്യപ്പെടുന്നത്‌.

 

വിലനിയന്ത്രണമനുസരിച്ച് 80 ശതമാനം മരുന്നുകൾക്ക് വില കുറയും. ഇതുവഴി ചില്ലറ വിൽപ്പനക്കാർക്കുണ്ടാകുന്ന നഷ്ടം കമ്പനികൾ ഏറ്റെടുക്കണമെന്നും ഒരു കാരണവശാലും പഴയ സ്റ്റോക്ക് വിൽക്കരുതെന്നുമാണ് സുപ്രിം കോടതിയുടെ നിർദ്ദേശം.