Skip to main content
ന്യൂഡല്‍ഹി

കേരളത്തിലെ 813 സന്നദ്ധ സംഘടനകള്‍ വിദേശ സംഭാവനയുടെ കണക്കുകള്‍ നല്‍കിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട്. അമൃതാനന്ദമയീ മഠം, കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാരുടെ നേതൃത്വത്തിലുള്ള കോഴിക്കോട് മര്‍ക്കസ്, കെ.പി. യോഹന്നാന്റെ ബിലീവേഴ്സ് ചര്‍ച്ച്‌ എന്നിവയുള്‍പ്പെടുന്ന സാമുദായിക സംഘടനകളാണ് കണക്കുകള്‍ ഹാജരാക്കാത്തത്.

 

2011-12 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാണ് ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട്‌ തയാറാക്കിയിരിക്കുന്നത്. നിയമം ലംഘിക്കുന്ന സംഘടനകളുടെ രജിസ്ട്രെഷന്‍ റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

 

സംസ്ഥാനത്തെ വിവിധ സാമുദായിക സംഘടനകളും സന്നദ്ധ സംഘടനകളും അടക്കം 2400 സന്നദ്ധസംഘടനകളാണ് വിദേശസംഭാവന സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രായലയത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.1000 കോടി രൂപയോളമാണ് അധികൃതര്‍ അറിഞ്ഞ് വിദേശത്ത് നിന്നും സന്നദ്ധ സംഘടനകള്‍ സ്വീകരിച്ചത്.

 

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിദേശ പണം ലഭിച്ചത് കെ.പി. യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ചിനാണ്. 2011-12 വര്‍ഷത്തില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന് 190 കോടി രൂപ വിദേശ സംഭാവന ലഭിച്ചു. ഇതില്‍ 88കോടി മാത്രമാണ് ചെലവിട്ടത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അദ്ധ്യക്ഷയായി ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത രാജിവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റും ഇതുവരെയും കണക്കുകള്‍ കൃത്യമായി നല്‍കിയിട്ടില്ല.

 

അമൃതാനന്ദമയീ മഠവും എറണാകുളം അതിരൂപത, മുവാറ്റുപുഴ, കൊല്ലം, തൃശൂര്‍ കാഞ്ഞിരപ്പിളളി, ഇരിങ്ങാലക്കുട തുടങ്ങിയ രൂപതകളും വിദേശ സംഭാവനകള്‍ ലഭിച്ചതിന്റെ കണക്കുകള്‍ നല്‍കിയിട്ടില്ല.

 

2013 ഡിസംബര്‍ 31നകം കണക്കുകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ സംഘടനകളില്‍ നിന്ന് പിഴ ഈടാക്കാന്‍ വിദേശ സംഭാവന നിയന്ത്രണ ചട്ടപ്രകാരം വ്യവസ്ഥയുണ്ട്. സംഭാവനയുടെ രണ്ട് ശതമാനമോ 10000രുപയോ പിഴ ഈടാക്കാം.