Skip to main content
ചാലക്കുടി

തൃശ്ശൂര്‍ കാതിക്കുടത്ത് നിറ്റ ജലാറ്റിന്‍ കമ്പനിക്കെതിരെ  സമരസമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ഉപരോധം തുടങ്ങി.  എല്ലാ ദിവസവും അഞ്ചുപേര്‍ വീതം കമ്പനി ഉപരോധിച്ച് അറസ്റ്റ് വരിക്കുമെന്ന് സമരസമിതി അറിയിച്ചു. കമ്പനി പൂട്ടാനാവില്ല എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതോടെ ബുധനാഴ്ച വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

 

കമ്പനി മാരകമായ മാലിന്യങ്ങളൊന്നും ചാലക്കുടി പുഴയിലേക്ക് പുറന്തള്ളുന്നില്ലെന്നും  മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞാണ് കമ്പനി പൂട്ടാനാവില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മാനേജ്‌മെന്റ് പ്രതിനിധികള്‍ വാദിച്ചത്. നിലവിലെ സാഹചര്യം വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് തനിക്ക് ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതുവരെ കമ്പനി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന മാനേജ്‌മെന്റ് വാദത്തോട് യോജിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.

 

എന്നാല്‍, നൂറുകണക്കിനാളുകള്‍ക്ക് മാരകരോഗങ്ങള്‍ ബാധിച്ചതൊന്നും കണക്കിലെടുക്കാതെയാണ്‌ കാലാകാലങ്ങളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതെന്ന്‍ സമരസമിതി അംഗങ്ങള്‍ ആരോപിച്ചു. ജനങ്ങള്‍ വര്‍ഷങ്ങളായി സമരത്തിലാണെന്ന വസ്തുത പരിഗണിച്ചു കമ്പനി ഉടന്‍ അടച്ചുപൂട്ടണമെന്ന വിലപാടില്‍ ഉറച്ചുനിന്ന സമരസമിതി സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.  

കഴിഞ്ഞ ഞായറാഴ്ച സമരക്കാര്‍ക്ക് നേരെ നടന്ന ലാത്തിച്ചാര്‍ജ് ഡി.ജി.പി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. എം.എല്‍.എമാരായ ടി.എന്‍.പ്രതാപന്‍, വി.ഡി.സതീശന്‍, സമര സമിതി നേതാക്കളായ ടി.ആര്‍.പ്രേംകുമാര്‍, അനില്‍കുമാര്‍ കെ.എം, ജയ്‌സണ്‍ പാനിക്കുളങ്ങര തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.