Skip to main content
കൊച്ചി

ദേശീയഗാനത്തോട് അനാദരവ് കാട്ടിയെന്ന കേസില്‍ നിന്ന് കേന്ദ്രമന്ത്രി ശശി തരൂരിനെ കോടതി കുറ്റവിമുക്തനാക്കി. ദേശീയഗാന ആലാപനം തടസ്സപ്പെടുത്തണമെന്ന മന:പൂര്‍വ്വമായ ഉദ്ദേശമില്ലായിരുന്നു എന്ന തരൂരിന്റെ വാദം എറണാകുളം അഡീഷണല്‍ ചീഫ് ജഡീഷ്യല്‍ മജിസ്ട്രേറ്റ് എം. മനോജ്‌ അംഗീകരിച്ചു.

 

2008 ഡിസംബര്‍ 16-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊച്ചിയില്‍ ഫെഡറല്‍ ബാങ്കിന്റെ പരിപാടിയില്‍ ദേശീയഗാനത്തിനിടെ ആലാപനം നിര്‍ത്തിവെപ്പിച്ച് യു.എസ് മാതൃകയില്‍ കൈ നെഞ്ചോട് ചേര്‍ത്ത് വെക്കാന്‍ തരൂര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ദേശാഭിമാനത്തെ അപമാനിക്കുന്നത് തടയല്‍ നിയമം അനുസരിച്ച് തരൂരിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജോയ് കൈതാരത്ത് കോടതിയെ സമീപിക്കുകയായിരുന്നു.

 

മന:പൂര്‍വ്വമായ ഉദ്ദേശത്തോടെ ചെയ്യുന്ന പ്രവൃത്തിയെ നിയമമനുസരിച്ച് കുറ്റകരമായി പരിഗണിക്കാന്‍ സാധിക്കൂ എന്ന്‍ കോടതി ചൂണ്ടിക്കാട്ടി. 2008-ലെ മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യസ്നേഹം പ്രകടിപ്പിക്കുക എന്നതായിരുന്നു തന്റെ ഉദ്ദേശമെന്ന തരൂരിന്റെ വാദം കോടതി സ്വീകരിച്ചു.