Skip to main content
തിരുവനന്തപുരം

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ യോഗം തീരുമാനിച്ചു. നിബന്ധനകള്‍ക്ക് വിധേയമായി തൊഴില്‍ വകുപ്പിന്റെ കീഴില്‍ ഇവര്‍ക്കായി ക്ഷേമനിധി പ്രത്യേകമാക്കാനും തീരുമാനമായി. തൊഴില്‍ വകുപ്പ് മുഖേന ശേഖരിക്കുന്ന വിവരങ്ങള്‍ ആഭ്യന്തര വകുപ്പിന് കൈമാറും. അപായമുണ്ടാകുന്ന അവസരങ്ങളില്‍ നാട്ടില്‍ അറിയിക്കുന്നതിനും ആഭ്യന്തര സുരക്ഷയ്ക്കും മറ്റുമാണിത്. രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. ഇതിനുപുറമേ ചൂക്ഷണം തടയാനും താമസിക്കുന്നിടത്ത് വൃത്തിയുളള അന്തരീക്ഷം ഉറപ്പാക്കാനും നടപടിയെടുക്കും. തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ മിന്നല്‍ പരിശോധന നടത്താനും, രജിസ്‌ട്രേഷന്‍ സംബന്ധിച്ച് അവരുടെ ഭാഷകളില്‍ ആശയവിനിമയം നടത്താന്‍ നടപടിയ്ക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി

 

അടിസ്ഥാന സൗകര്യമില്ലാത്ത ഡ്രൈവിങ് സ്കൂളുകളുടെ ലൈസന്സ് റദ്ദു ചെയ്യും

 

നിയമാനുസൃതമായ സൗകര്യങ്ങള്‍ നിലനിര്‍ത്താതെയും വേണ്ടവിധം പരിശീലനം നല്‍കാതെയും യോഗ്യതയില്ലാത്ത അദ്ധ്യാപകരെ ഉപയോഗിച്ചു പരിശീലനം നല്‍കുന്നവയുമായ ഡ്രൈവിങ് സ്‌കൂളുകളുടെ ലൈസന്‍സ് റദ്ദ് ചെയ്യുവാനും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് കേരളത്തിലെ എല്ലാ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എല്ലാ ഡ്രൈവിങ് സ്‌കൂളുകളും പരിശോധിക്കും.

 

കിക്മ : ലേണേഴ്സ് സപ്പോര്ട്ട് സെന്ററായി അംഗീകാരം ലഭിച്ചു

 

കേരള സര്‍വകലാശാലയുടെ ലേണേഴ്‌സ് സപ്പോര്‍ട്ട് സെന്ററായി കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിന് (കിക്മ) അംഗീകാരം ലഭിച്ചു. ബി.ബി.എ, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.എ. ഇംഗ്ലീഷ്, ബി.എ. ഹിസ്റ്ററി, എം.കോം, എം.ബി.എ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്) എന്നീ കോഴ്‌സുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് വിദൂര പഠന പ്രകാരം കിക്മയില്‍ പഠിക്കാം.

 

ദേശീയ അവാര്ഡിന് അപേക്ഷ ക്ഷണിച്ചു

 

കേരകൃഷി-വ്യവസായ മേഖലയില്‍ മികവും വൈദഗ്ധ്യവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നാളികേര വികസന ബോര്‍ഡ് വിവിധ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഏറ്റവും മികച്ച കേരകര്‍ഷകന്‍, ഏറ്റവും മികച്ച കേരോത്പന്ന നിര്‍മ്മാതാവ്, മികച്ച ഗവേഷകന്‍, കേരാധിഷ്ഠിത കരകൗശല വസ്തു നിര്‍മ്മാണത്തില്‍ ഏറ്റവും മികച്ച കരകൗശല വിദഗ്ദ്ധന്‍, ഏറ്റവും മികച്ച കേരോല്‍പന്ന കയറ്റുമതി വ്യാപാരി, കേരവികസന മേഖലയിലെ ഏറ്റവും മികച്ച വിജ്ഞാന വ്യാപന പ്രവര്‍ത്തകന്‍, കേരവികസന മേഖലയിലെ ഏറ്റവും മികച്ച സഹകരണ സംഘം/സര്‍ക്കാരേതര സംഘടന (എന്‍.ജി.ഒ), മികച്ച തെങ്ങുകയറ്റക്കാരന്‍, ഏറ്റവും മികച്ച നാളികേരോത്പാദക സംഘം, വനിതാ നേതൃത്വത്തിലുള്ള മികച്ച നാളികേര സംസ്‌ക്കരണ യൂണിറ്റ് എന്നിങ്ങനെയാണ് അവാര്‍ഡുകള്‍. ഏറ്റവും മികച്ച കേരകര്‍ഷകന്‍ അവാര്‍ഡിനുള്ള നാമനിര്‍ദ്ദേശം/അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15. മറ്റ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20. ചെയര്‍മാന്‍, നാളികേര വികസന ബോര്‍ഡ്, കൊച്ചി-11 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

 

കോടതി സിറ്റിങ്

 

സഹകരണ ആര്‍ബിട്രേഷന്‍ കോടതി ജൂലൈ നാല്, അഞ്ച്, 15, 16, 22, 23, 29, 30 തീയതികളില്‍ തിരുവനന്തപുരത്ത് ആസ്ഥാനത്തും ഒമ്പത്, 10, 11 തീയതികളില്‍ എറണാകുളം ജില്ലാ സഹകരണ ബാങ്കിലും 25 ന് ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിലും കേസുകള്‍ കേള്‍ക്കും.

 

കേരള ചരിത്രഗവേഷണ കൗണ്സിലില്ഒഴിവുകള്

 

കേരള ചരിത്ര ഗവേഷണ കൗണ്‍സിലിലെ വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. റിസര്‍ച്ച് ഓഫീസര്‍ : (15600-39100+എ.ജി.പി-8000) യു.ജി.സി. നിശ്ചിത യോഗ്യതകളും, പ്രവൃത്തി പരിചയവും. ഫിനാന്‍സ് ഓഫീസര്‍ : (16180 - 29180). കൊമേഴ്‌സില്‍ 60 ശതമാനത്തിലധികം മാര്‍ക്കോടെ മാസ്റ്റര്‍ ബിരുദവും ടാലിയില്‍ പ്രാവീണ്യവും. ഡബിള്‍ എന്‍ട്രി സിസ്റ്റത്തില്‍ പരിചയം അഭികാമ്യം. പബ്ലിക്കേഷന്‍ അസിസ്റ്റന്റ് : (9940-16580) ബിരുദാനന്തര ബിരുദവും പബ്ലിക്കേഷനിലും കാര്യനിര്‍വ്വഹണത്തിലുള്ള പ്രാവീണ്യവും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തത്തുല്യ തസ്തികകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ കെ.സി.എച്ച്.ആര്‍ വെബ്‌സൈറ്റിലോ (www.keralahistory.ac.in at the KCHR vacancies - 2013)) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍, ഡയറക്ടര്‍, കെ.സി.എച്ച്.ആര്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, പി.ബി.നമ്പര്‍ 839, നളന്ദ, തിരുവനന്തപുരം - 695 003 എന്ന വിലാസത്തില്‍ ജൂലായ് 30 ന് മുമ്പായി ലഭിക്കണം.

 

വിദേശ തൊഴില്വൈദഗ്ധ്യ പരിശീലനം

 

വിദേശത്ത് തൊഴില്‍ തേടി പോകുന്നവര്‍ക്കായി നോര്‍ക്ക-റൂട്ട്‌സ് നടത്തുന്ന തൊഴില്‍ വൈദഗ്ധ്യ പരിശീലന പരിപാടിയായ, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് കോഴ്‌സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പരിശീലനത്തിന്റെ കാലയളവ് മൂന്ന് മാസമാണ്. സാങ്കേതിക പരിശീലനം കൂടാതെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, കമ്പ്യൂട്ടര്‍, വ്യക്തിത്വ വികസനം എന്നിവയിലും പരിശീലനം നല്‍കും. വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എല്‍.സി. പ്രായം 45 കവിയാന്‍ പാടില്ല. കോഴ്‌സ് ഫീസിന്റെ 20 ശതമാനം (2000 രൂപ) മാത്രം ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയാല്‍ മതിയാകും. വിശദവിവരങ്ങള്‍ക്ക് 0471-4016555/9387873311 ഫോണ്‍ നമ്പരിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ചെമ്പിക്കലം ബില്‍ഡിങ്, വഴുതയ്ക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.

 

സൗദി ആരോഗ്യ മന്ത്രാലയത്തില്ഡോക്ടര്മാര്ക്ക് അവസരം

 

സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുളള വിവിധ ആശുപത്രികളില്‍ നിയമനത്തിന് വിവിധ വിഭാഗങ്ങളിലുളള കണ്‍സള്‍ട്ടന്റ്/ സ്‌പെഷ്യലിസ്റ്റ്/ റസിഡന്റ് ഡോക്ടര്‍മാരെ തെരഞ്ഞെടുക്കുന്നു. ഇന്റര്‍വ്യൂ സെപ്തംബറില്‍ ന്യൂഡല്‍ഹി, ഹൈദരാബാദ്, ബാംഗ്ലൂര്‍, മുംബൈ, ശ്രീനഗര്‍, ചെന്നൈ, കൊച്ചി എന്നിവിടങ്ങളില്‍ ഒ.ഡി.ഇ.പി.സി. മുഖേന നടത്തും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ ഡോക്ടര്‍മാര്‍ വിശദമായ ബയോഡേറ്റ ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കുകയോ 0471 2576314/19 എന്ന ടെലിഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 15.