Skip to main content
കൊരട്ടി

കൊരട്ടിയിലെ വൈഗ കമ്പനി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കമ്പനിയിലെ തൊഴിലാളികളും മാനേജ്‌മെന്റുമായി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നിലനിന്ന തര്‍ക്കം പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ ചേമ്പറില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലായിരുന്നു തീരുമാനം.

 

തൊഴിലാളികളുമായി മാനേജ്‌മെന്റ് ഉണ്ടാക്കിയ ധാരണ പൂര്‍ണമായും നടപ്പാക്കാനാകാത്ത സാഹചര്യത്തില്‍ കമ്പനിയുടെ കൈവശമിരിക്കുന്ന സര്‍ക്കാര്‍ ഭൂമി പാട്ടക്കരാര്‍ റദ്ദാക്കി തിരിച്ചെടുക്കാനും തൊഴിലാളികളുമായി നേരിട്ടു ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വച്ച നിര്‍ദ്ദേശം യോഗത്തില്‍ പങ്കെടുത്ത തൊഴിലാളി സംഘടനകള്‍ അംഗീകരിച്ചു. ലീസ് കുടിശിക സംബന്ധിച്ചും കെട്ടിടം നാഷണല്‍ ഹൈവേയ്ക്കായി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് പണം ലഭിക്കണമെന്ന ആവശ്യമുന്നയിച്ചും കൊടുത്തിട്ടുള്ള കേസ് തുടരാമെന്നും കോടതി വിധി വരുന്ന മുറയ്ക്ക് അത് സംബന്ധിച്ച തീരുമാനമെടുക്കാമെന്നും കമ്പനി അധികൃതരോട് മുഖ്യമന്ത്രി പറഞ്ഞു.

 

തൊഴിലാളികള്‍ക്ക് മാനേജ്‌മെന്റ് കൊടുക്കാമെന്നേറ്റിരുന്ന നഷ്ടപരിഹാരമായ 25,000 രൂപയില്‍ 10,000 രൂപയും ഒരു മാസത്തെ ശമ്പളവും കൊടുത്തിട്ടുണ്ട്. ബാക്കി തുക സംബന്ധിച്ച് സര്‍ക്കാര്‍ തൊഴിലാളികളുമായി നേരിട്ട് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ഈ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ കമ്പനി സമയബന്ധിതമായി സര്‍ക്കാരിന് സ്ഥലം വിട്ടുനല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.