Skip to main content
തിരുവനന്തപുരം

മുസ്ലിം വിവാഹ പ്രായം സംബന്ധിച്ചുള്ള വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു. നിയമ സെക്രട്ടറി സി.പി രാമരാജ പ്രേമപ്രസാദിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കും. ഇതനുസരിച്ച് ഇനി മുതല്‍ 18 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളും 21 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളുടെയും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കില്ല. എന്നാല്‍, മുസ്ലിം വിഭാഗത്തില്‍ ഇതുവരെ നടന്ന ശൈശവ വിവാഹങ്ങളുടെ രെജിസ്ട്രേഷന്‍ പിന്‍വലിക്കില്ല. 

 

2006-ലെ ശൈശവ വിവാഹ നിരോധന നിയമം  മറിടക്കുന്ന സര്‍ക്കുലര്‍ തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസാണ് പുറത്തിറക്കിയത്. ഇല്ലാത്ത 1957-ലെ നിയമം ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. ഇതനുസരിച്ച് 16 വയസ്സായ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം രെജിസ്ടര്‍ ചെയ്യാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അനുവദിക്കുന്നതായിരുന്നു വ്യാപക പ്രതിഷേധമുയര്‍ത്തിയ ഉത്തരവ്.

 

നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18-ഉം ആണ്‍കുട്ടികളുടേത് 21-ഉം വയസ്സാക്കിയുളള നിയമം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിവാഹ പ്രായം കുറച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ സര്‍ക്കാര്‍ ഇറക്കിയത്. പതിനെട്ട് തികയാത്ത കാരണത്താല്‍ തദ്ദേശ സ്ഥാപനങ്ങള്‍ വിവാഹത്തിന് രജിസ്‌ട്രേഷന്‍ നല്‍കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്.