Skip to main content

കൊച്ചി: മുന്‍ മന്ത്രി ലോനപ്പന്‍ നമ്പാടന്‍ (78) അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ദീര്‍ഘകാലമായി വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

 

1982 മാര്‍ച്ചില്‍ സ്പീക്കറുടെ കാസ്റ്റിംഗ് വോട്ടിലൂടെ നിലനിന്നിരുന്ന കെ.കരുണാകരന്‍ മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിച്ചതിലൂടെയാണ് ലോനപ്പന്‍ നമ്പാടന്‍ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധാകേന്ദ്രമായത്. തുടര്‍ന്ന് ഇടതുപാളയത്തിലേക്ക് വന്ന അദ്ദേഹം 1987-ലെ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. 2004-ല്‍ മുകുന്ദപുരം ലോക്സഭാ മണ്ഡലത്തില്‍ സി.പി.ഐ.എം സ്ഥാനാര്‍ഥിയായി മല്‍സരിച്ച് കെ.കരുണാകരന്റെ മകളും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ പദ്മജ വേണുഗോപാലിനെ പരാജയപ്പെടുത്തിയതും നമ്പാടനായിരുന്നു.

 

കേരളാ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ലോനപ്പന്‍ നമ്പാടന്‍ അദ്ധ്യാപനം, കൃഷി എന്നിവയിലും ഒരുപോലെ വ്യാപരിച്ചു. 1963-ല്‍ കൊടകര പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നമ്പാടന്‍ 1977-ല്‍ കൊടകര മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തി. 1982-ന് ശേഷം 2001 വരെ ഇടതു സ്വതന്ത്രനായി നാലുതവണ ഇരിഞ്ഞാലക്കുടയെ നിയമസഭയില്‍ പ്രതിനിധീകരിച്ചു.

 

ലോനപ്പന്‍ നമ്പാടന്റെ ആത്മകഥയാണ് സഞ്ചരിക്കുന്ന വിശ്വാസി.