Skip to main content
തിരുവനന്തപുരം

mullapperiyar damമുല്ലപ്പെരിയാര്‍ വിഷയത്തിലെ സുപ്രീംകോടതി വിധിക്കെതിരെ നിയമവിദഗ്ദ്ധരുമായി കൂടിയാലോചിച്ച് പുനരവലോകന ഹര്‍ജി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കുന്നതിന്റെ സാധ്യതയും പരിശോധിക്കും.

 

കൂടുതല്‍ ജഡ്ജിമാരുള്‍പ്പെടുന്ന വിപുലമായ ബഞ്ചിനു മുന്നില്‍ കേസ് കേള്‍ക്കാന്‍ അവസരം നല്‍കണമെന്ന നിര്‍ദ്ദേശം സുപ്രീം കോടതിയ്ക്കു മുന്നില്‍ വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

 

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികള്‍ ഒറ്റക്കെട്ടാണ്. കേരളവും തമിഴ്‌നാടും തമ്മിലുളള പ്രശ്നമെന്ന നിലയിലല്ല, ജനങ്ങളുടെ സുരക്ഷാ പ്രശ്നമായാണ് മുല്ലപ്പെരിയാര്‍ വിഷയത്തെ സംസ്ഥാനം കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.