Skip to main content
കോഴിക്കോട്‌

തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടി ലഭിക്കുന്നവര്‍ക്ക്‌ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുങ്ങുന്നു. 13000-ത്തോളം ഉദ്യോഗസ്ഥരെയാണ് ഇത്തവണ വിവിധ ഡ്യൂട്ടികള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. ഒരു പ്രിസൈഡിങ്ങ്‌ ഓഫീസര്‍, മൂന്ന്‌ പോളിങ്ങ്‌ ഓഫീസര്‍മാര്‍ എന്ന ക്രമത്തിലാണ്‌ ഓരോ പോളിങ്ങ്‌ സ്‌റ്റേഷനിലും ജീവനക്കാരെ നിയോഗിക്കുന്നത്‌.

 

പതിനായിരത്തിലധികം ജീവനക്കാരാണ് ജില്ലയിലെ 1883 പോളിങ് സ്റ്റേഷനുകളില്‍ ഡ്യൂട്ടിക്ക് വിന്യസിക്കപ്പെടുന്നത്. കുറേ ജീവനക്കാരെ റിസര്‍വ്വ്‌ ലിസ്‌റ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ആദ്യഘട്ട പരിശീലനം 20 മുതല്‍ 26-വരെയാണ്‌. രണ്ടാംഘട്ട പരിശീലന വേളയിലാണ്‌ ഏത്‌ അസംബ്ലി മണ്ഡല പരിധിയിലാണ്‌ ഡ്യൂട്ടി എന്നറിയുക. ജീവനക്കാരന് സ്വന്തം പാര്‍ലമെന്‍റ് മണ്ഡല പരിധിയിലാണ് ഡ്യൂട്ടിയെങ്കില്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഡ്യൂട്ടി ചെയ്യുന്ന പോളിങ് സ്റ്റേഷനില്‍തന്നെ വോട്ട് ചെയ്യാം. എന്നാല്‍ ഒരു ലോക്‌ സഭാമണ്ഡലത്തിന്റെ പരിധിയിലുളള ജീവനക്കാരന്‌ മറ്റൊരു ലോക്‌സഭാ മണ്ഡലത്തിലാണ്‌ ഡ്യൂട്ടിയെങ്കില്‍ പോസ്‌റ്റല്‍ ബാലറ്റ്‌ തന്നെ വേണ്ടിവരും.

 

ഇനിമുതല്‍ വരണാധികാരിയുടെയും സഹവരണാധികാരികളുടെയും ഓഫിസുകള്‍ക്ക് മുന്നില്‍ പോസ്റ്റല്‍ ബാലറ്റ് ശേഖരിക്കുന്നതിന് വെക്കാറുള്ള പെട്ടി ഉണ്ടാകില്ല. ഏതെങ്കിലും കാരണവശാല്‍ പരിശീലന ക്യാമ്പില്‍ വോട്ട് ചെയ്യാന്‍ കഴിയാത്ത ജീവനക്കാര്‍ക്ക് തപാല്‍ മുഖാന്തരമേ പോസ്റ്റല്‍ വോട്ട് അയക്കാന്‍ കഴിയൂ. തപാല്‍ വകുപ്പില്‍ ഇതിന് നോഡല്‍ ഓഫിസറെ നിയോഗിക്കും.

 

വോട്ടെണ്ണല്‍ നടക്കുന്ന മെയ്‌ 16 -ന് രാവിലെ എട്ട് മണിക്ക് മുമ്പ്‌ വരെ ലഭിയ്‌ക്കുന്ന പോസ്‌റ്റല്‍ ബാലറ്റ്‌ സ്വീകരിക്കും. പോസ്‌റ്റല്‍ ബാലറ്റ്‌, ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ്‌ ഇവയില്‍ ഏത്‌ വേണമെന്നത്‌ ജീവനക്കാരന്‌ തിരഞ്ഞെടുക്കാം. രണ്ടിനുമുള്ള ഫോറം ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് നല്‍കും.