Skip to main content
തിരുവനന്തപുരം

Vizhinjamവിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖത്തിനായി രണ്ട് വിദേശ കമ്പനികള്‍ ഉള്‍പ്പെടെ അഞ്ച് സ്ഥാപനങ്ങള്‍ താല്പര്യപത്രം സമര്‍പ്പിച്ചു. ഗാമണ്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, എസ്സാര്‍ പോര്‍ട്‌സ്, അദാനി പോര്‍ട്‌സ് എന്നിവയ്ക്കു പുറമേ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായിയും ഇന്ത്യയിലെ കോണ്‍കാസ്റ്റും ചേര്‍ന്ന കണ്‍സോര്‍ഷ്യവും സ്‌പെയിനിലെ ഒ.എച്ച്.എല്‍, ഇന്ത്യയിലെ സ്രേ എന്നിവ ചേര്‍ന്ന കണ്‍സോര്‍ഷ്യവുമാണ് ടെന്‍ഡര്‍ നല്‍കിയത്. തിങ്കളാഴ്ചയായിരുന്നു ഇതിനുള്ള അവസാന ദിവസം.

 

രംഗത്തുവന്നതെല്ലാം തുറമുഖരംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളാണെന്നത് പദ്ധതി യാഥാര്‍ഥ്യമാവുമെന്ന് പ്രതീക്ഷയാണ് നല്‍കുന്നത്. ഇവരുടെ യോഗ്യതകള്‍ പരിശോധിച്ച ശേഷം തുറമുഖ നിര്‍മാണത്തിനും നടത്തിപ്പിനുമുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടും. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ വിദഗ്ധ സമിതിയാണ് യോഗ്യതകള്‍ പരിശോധിക്കുക. ഒരാഴ്ചയ്ക്കുള്ളതില്‍ ഈ നടപടികള്‍ പൂര്‍ത്തിയാക്കാനാകും.

 

കഴിഞ്ഞ തവണ ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനികളില്‍ അഡാനി ഗ്രൂപ്പുമാത്രമാണുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി അഡാനി ഗ്രൂപ്പ് ഉള്‍പ്പെട്ട വെല്‍സ്പണ്‍ കണ്‍സോര്‍ഷ്യത്തിനു നല്‍കിയിരുന്നില്ല. ഇതേതുടര്‍ന്നാണു വീണ്ടും ടെന്‍ഡറിലേക്കു കടക്കേണ്ടിവന്നത്.

 

വിഴിഞ്ഞം തുറമുഖത്ത് രാജ്യാന്തര കപ്പലുകള്‍ അടുപ്പിക്കാന്‍ കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആസൂത്രണകമ്മിഷന് നിര്‍ദേശം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കേ ആകര്‍ഷകമായ കമ്പനികള്‍ താല്പര്യപത്രം സമര്‍പ്പിച്ചത് സര്‍ക്കാരിനു മികച്ച നേട്ടമായി മാറി. തുറമുഖത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമാവില്ല.