Skip to main content
റാഞ്ചി

ദേശീയ സ്കൂള്‍ കായിക മേളയില്‍ പി. യു ചിത്രക്ക് ഇരട്ടസ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ മത്സരത്തില്‍ സ്വര്‍ണത്തിന് നേടിയതോടെയാണ് പി യു ചിത്ര ഇരട്ടസ്വര്‍ണ നേട്ടത്തിന് അര്‍ഹയായത്. നേരത്തെ 3000 മീറ്റര്‍ മത്സരത്തില്‍ ചിത്ര സ്വര്‍ണം കരസ്ഥമാക്കിയിരുന്നു

ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ കെ.ടി നീന കേരളത്തിനു വേണ്ടി സ്വര്‍ണം സ്വന്തമാക്കി. ഇതേയിനത്തില്‍ കെ ആര്‍ സുജിത വെള്ളി നേടി. ഇന്ന് 20 ഫൈനലുകള്‍ നടക്കും. മേളയിലെ വേഗമേറിയ താരത്തെ ഇന്നറിയാം. ജൂനിയര്‍ പെണ്‍കുട്ടികളുടെ 1,500 മീറ്ററില്‍ കെ ആര്‍ ആതിര ട്രാക്കിലിറങ്ങും. ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോര്‍ഡ് ഉടമയായ മരിയ ജയ്‌സണും കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയുമായി ഇന്നിറങ്ങും.

 

മേളയില്‍ രണ്ട് ദേശീയ റൊക്കോര്‍ഡുകളും കേരളം ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ കെ എസ് അനന്തുവും ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ എന്‍ പി സംഗീതയുമാണ് കേരളത്തിനു വേണ്ടി ദേശീയ റെക്കോര്‍ഡ് നേടിയത്.

 

5000 മീറ്റര്‍ നടത്തത്തില്‍ കോഴിക്കോട് മണിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എ എം ബിന്‍സിയും ലോംഗ് ജംപില്‍ ജെനിമോളും സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ സന്ധ്യ വിഎമ്മും സ്വര്‍ണം സ്വന്തമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ജിഷ വി വിയും ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ജിസ്‌ന മാത്യുവും സ്വര്‍ണം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കെ ആര്‍ ആതിരയും സീനിയര്‍ ആണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ പി വി സുഹൈലും സ്വര്‍ണം നേടി.

 

66 പെണ്‍കുട്ടികളും 51 ആണ്‍കുട്ടികളുമുള്‍പ്പെടെ 117 അംഗസംഘമാണ് കേരളത്തിനായി റാഞ്ചിയില്‍ ട്രാക്കിലും ഫീല്‍ഡിലും മല്‍സരിക്കുന്നത്. തുടര്‍ച്ചയായ പതിനേഴാം ദേശീയ ചാമ്പ്യന്‍പട്ടം ലക്ഷ്യമിട്ടാണ് കേരളം റാഞ്ചി ബിര്‍സാമുണ്ട സ്റ്റേഡിയത്തില്‍ മത്സരത്തിനിറങ്ങുന്നത്.