Skip to main content
തിരുവനന്തപുരം

കഴക്കൂട്ടം വെട്ടുറോഡ്  ലെവൽ ക്രോസിന് സമീപം റെയിൽവെ പാളത്തിൽ വിള്ളൽ കണ്ടെത്തി. വിള്ളൽ കണ്ട നാട്ടുകാരൻ ഉടൻ അധികൃതരെ അറിയിച്ചതിനെ തുടർന്ന് ഇതുവഴിയുള്ള റെയിൽ ഗതാഗതം നിറുത്തിവച്ചു. അറ്റകുറ്റപ്പണികൾക്ക് ശേഷം 8 മണിയോടെ ഗതാഗതം താൽക്കാലികമായി പുനഃസ്ഥാപിച്ചു.

 

രാവിലെ 6.30 ഓടെ വെട്ടുറോഡ് ജംഗ്ഷനിലേക്ക് വന്ന വെട്ടുറോഡ് പുത്തൻവീട്ടിൽ കെ.ദിവാകരനാണ് പാളത്തിൽ വിള്ളൽ കണ്ടത്. ഇയാൾ ഉടൻ തന്നെ വെട്ടുറോഡ് ലെവൽ ക്രോസിലെ ജീവനക്കാരനെ വിവരം അറിയിച്ചു. ഈ സമയം ഇതുവഴി തിരുവനന്തപുരത്ത് നിന്ന് വന്ന ചെന്നൈ മെയിൽ കടന്നുപോകേണ്ടതായിരുന്നു. ലെവൽ ക്രോസിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച് തീവണ്ടികള്‍ കഴക്കൂട്ടം റെയിൽവെ സ്റ്റേഷനിലും കൊച്ചുവേളി റെയിൽവെ സ്റ്റേഷനിലും പിടിച്ചിട്ടു. കൊച്ചുവേളിയിൽ നിന്ന് ജീവനക്കാരെത്തി വിള്ളൽ പ്രശ്നം താൽക്കാലികമായി പരിഹരിച്ചു. വിള്ളൽ ഉണ്ടാകാനുള്ള കാരണമെന്തെന്ന് ഇപ്പോഴും അറിവായിട്ടില്ല. പ്രശ്നം പരിഹരിക്കാൻ ഒരു മണിക്കൂറെടുത്തതിനാൽ വടക്കോട്ടുള്ള തീവണ്ടികള്‍  ഏറെ വൈകിയാണ് പുറപ്പെട്ടത്. തമ്പാനൂരേക്ക് വന്ന തീവണ്ടികള്‍ കണിയാപുരത്തും പിടിച്ചിട്ടിരുന്നു.