ജാതിയും സ്ഥാനാർത്ഥി സമ്മതിയും മുന്നിൽ; രാഷ്ട്രീയം പിന്നിൽ

ഡോ. എന്‍. ജയദേവന്‍
Friday, May 30, 2014 - 4:28pm
ചെമ്മാനം
jayadevan n.രാഷ്ട്രതന്ത്ര അധ്യാപകന്‍ ഡോ. എന്‍. ജയദേവന്റെ രാഷ്ട്രീയ നിരീക്ഷണ പംക്തി.

ബി.ജെ.പിയ്ക്കം ദേശീയ ജനാധിപത്യ സഖ്യത്തിനും മിന്നുന്ന വിജയം നൽകിക്കൊണ്ടാണ് 16-ാം ലോകസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്. എല്ലാ കണക്കുകൂട്ടലുകളെയും പ്രവചനങ്ങളെയും കവച്ചുവയ്ക്കുന്ന വിജയം ബി.ജെ.പിയേയും നരേന്ദ്ര മോദിയേയും അനുഗ്രഹിച്ചപ്പോൾ, ഇന്ത്യയിലെ ഗ്രാന്റ് ഓൾഡ് പാർട്ടി, സ്വാതന്ത്ര്യത്തിലേക്ക് രാജ്യത്തെ നയിച്ച പാർട്ടി, സാക്ഷാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സഭയിൽ മുഖ്യ പ്രതിപക്ഷമാകാനുള്ള സീറ്റുകൾ പോലും നേടാനാകാത്തവിധം തകർന്ന് പോയി. ഇത് യഥാർത്ഥത്തിൽ ഒരു ബി.ജെ.പി തരംഗമാണോ? മോഡി തരംഗമാണോ? അതോ മത-ജാതി-സമുദായ സമവാക്യങ്ങളുടെ വിജയമാണോ? രാജ്യത്തെ ഭൂരിപക്ഷ വോട്ടർമാർ, വാസ്തവത്തിൽ ബി.ജെ.പിയേയും നരേന്ദ്ര മോദിയേയും കൊട്ടിഘോഷിക്കപ്പെടുന്നത്ര ആവേശപൂർവ്വം സ്വീകരിച്ചിട്ടുണ്ടോ? യു.പി, ബീഹാർ, കർണ്ണാടകം, സീമാന്ധ്ര പോലെയുള്ള സംസ്ഥാനങ്ങളിൽ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ചിന്നിച്ചിതറിയതുകൊണ്ടല്ലേ ബി.ജെ.പിക്ക് നൂറിലധികം സീറ്റുകൾ അനായാസം നേടാനായത്? ചരിത്രത്തിലെ ഏറ്റവും ദയനീയ തോൽവി കോൺഗ്രസ്സിന് എന്തുകൊണ്ടാണ് വോട്ടർമാർ നൽകിയത്? ഇടതുപക്ഷത്തിന് പിഴയ്ക്കുന്നത് എവിടെ? തുടങ്ങി ഇനിയും ഉയർന്നുവരാവുന്ന ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണമെങ്കിൽ സൂക്ഷ്മമായ നിരീക്ഷണ പഠനങ്ങളും വിശകലനവും വിശദമായിത്തന്നെ നടത്തേണ്ടതുണ്ട്.

 

വോട്ടുചെയ്യാൻ യോഗ്യത നേടിയ 81 കോടി 45 ലക്ഷം ഇന്ത്യക്കാരിൽ 55 കോടി 13 ലക്ഷം പേരാണ് (66.38%) ഒന്‍പത് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ചത്. അതിൽ വെറും 36 ശതമാനം പേർ (ബിജെപി-31, സഖ്യകക്ഷികൾ-5) മാത്രമാണ് ബി.ജെ.പിക്കും സഖ്യകക്ഷികൾക്കും വോട്ടു ചെയ്തത്. അതായത് എൺപത്തിനാലര കോടി സമ്മതിദായകരിൽ ഇരുപതുകോടിയോളം പേർ. ആകെ വോട്ടർമാരുടെ നാലിലൊന്നിന്റെ പോലും പിന്തുണയില്ലാതെ ബഹുഭൂരിപക്ഷം സീറ്റുകൾ നേടുന്ന ഈ മറിമായം വിരൽ ചൂണ്ടുന്നത് ഇന്ത്യൻ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ അശാസ്ത്രീയതയിലേക്കും ജനങ്ങളുടെ യഥാർത്ഥ ഇച്ഛയെ പ്രതിഫലിപ്പിക്കുന്നതിന് അനുയോജ്യമായ ഒരു തെരഞ്ഞെടുപ്പ് രീതി ആവിഷ്‌കരിക്കേണ്ടതിന്റെ അനിവാര്യതയിലേക്കുമാണ്.

 

എൽ.ഡി.എഫിന്റെ ചോർച്ച

 

കേരളത്തിലേക്കു വന്നാൽ സീറ്റുകളുടെ എണ്ണത്തിൽ എൽ.ഡി.എഫ് പ്രത്യക്ഷത്തിൽ നേട്ടമുണ്ടാക്കിയതായി കാണാം. 2009 ലെ നാലിന്റെ സ്ഥാനത്ത് എട്ടു സീറ്റുകൾ ലഭിച്ചിട്ടുണ്ട്. യു.ഡി.എഫിന്റേത് 16-ൽ നിന്നും 12 ആയി കുറഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് എൽ.ഡി.എഫിന് വേണമെങ്കിൽ മുന്നേറിയതായി ഉപരിപ്ലവ അവകാശവാദം മുഴക്കാം. എന്നാൽ വോട്ടുകളുടെ കണക്കുകൾ കാണിക്കുന്നത് സംസ്ഥാനമൊട്ടാകെ തന്നെ എൽ.ഡി.എഫിന്റെ വോട്ടിൽ വൻ ചോർച്ച സംഭവിച്ചിട്ടുണ്ടെന്നാണ്. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 12 ലോകസഭാ മണ്ഡല പ്രദേശങ്ങളിൽ ലീഡ് നേടിയിരുന്നുവെന്ന് ഓർക്കണം. നാല് മണ്ഡലങ്ങൾ അധികം നേടിയെങ്കിലും എട്ടില്‍ നാല് മണ്ഡലങ്ങളിലെ വിജയമേ ആധികാരികമായ രാഷ്ട്രീയ വിജയമായി കണക്കാക്കാനാകൂ. ആറ്റിങ്ങൽ, തൃശ്ശൂർ, ആലത്തൂർ, പാലക്കാട് എന്നിവയാണത്. 2009-ൽ 64000-ത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച, സി.പി.ഐ.എമ്മിന്റെ ഉറച്ച മണ്ഡലമായ കാസർഗോഡിലെ ഇപ്പോഴത്തെ വിജയം ആഹ്ലാദത്തിന് വക നൽകുന്നതല്ല. കഴിഞ്ഞ തവണ ഒരുപാട് പ്രതികൂല സാഹചര്യങ്ങൾ മൂലം കെ. സുധാകരൻ ജയിച്ചെങ്കിലും കണ്ണൂർ സി.പി.ഐ.എമ്മിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ്. അവിടെയും കഷ്ടിച്ച് കടന്നുകൂടാനേ സാധിച്ചിട്ടുള്ളൂ. അതും സുധാകരന് എതിരായി സ്വന്തം പാർട്ടിക്ക് അകത്തുനിന്നും പുറത്തുനിന്നും ഒരുപാട് എതിർപ്പുകൾ ഉയർന്നുവന്ന സാഹചര്യമുണ്ടായിട്ടും. ഇടുക്കിയിലെ വിജയം പൂർണ്ണമായും എൽ.ഡി.എഫിന്റെ അക്കൗണ്ടിൽ കൂട്ടാനാകുമോ? അതുപോലെ തന്നെ ഇന്നസെന്റിന്റെ വിജയവും? എൽ.ഡി.എഫ് ഏറ്റവും വലിയ തിരിച്ചടികൾ നേരിട്ട മൂന്ന് മണ്ഡലങ്ങൾ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവയാണ്.

nk premechandran campaign

 

രാജ്യത്താകെ കോൺഗ്രസ്സ് തകർന്നടിഞ്ഞപ്പോഴും കേരളത്തിൽ കോൺഗ്രസ്സ് മുന്നണിക്ക് ഭരണവിരുദ്ധ വികാരത്തെ മറികടന്ന് സീറ്റിന്റെയും വോട്ടിന്റെയും എണ്ണത്തിൽ മുൻകൈ നേടാനായതും പലതുകൊണ്ടും എൽ.ഡി.എഫിന് വൻ തിരിച്ചടിയുണ്ടായതും ദേശീയ സ്ഥിതിപോലെ തന്നെ വിശദമായ പഠനം ആവശ്യപ്പെടുന്ന സംഗതിയാണ്. അത് സൂക്ഷ്മതയോടെ തുടർ ദിനങ്ങളിൽ നടത്തേണ്ടതുതന്നെയാണ്. എന്നിരുന്നാലും, കേരളത്തിന്റെ മുൻകാല തെരഞ്ഞെടുപ്പ് അനുഭവങ്ങളിൽ നിന്നും വ്യത്യസ്തമായ ഒട്ടേറെ നൂതന പ്രവണതകൾ ദൃശ്യമായ തിരഞ്ഞെടുപ്പാണ് 2014-ലേത് എന്ന് മാത്രമേ ഇവിടെ പറഞ്ഞ് വയ്ക്കുന്നുള്ളൂ. അതിൽ മിക്കവയും സമീപകാല തിരഞ്ഞെടുപ്പുകളിൽ പൊതുവെ കണ്ടുവരുന്ന പ്രവണതകളാണുതാനും. അതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടെണ്ണം സ്ഥാനാർത്ഥിയുടെ ജാതിയും ജനസമ്മതിയും രാഷ്ട്രീയത്തിന് മേൽ അധീശത്വം നേടുന്ന പ്രവണതയാണ്. രാഷ്ട്രീയ പ്രത്യയശാസ്ത്രവും നയപരിപാടികളും അപ്രസക്തമാകുകയും ജാതിയോ സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവമോ കപടനാട്യങ്ങളോ ജനവിധി നിർണ്ണയിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്കാണ് രാഷ്ട്രീയ പ്രബുദ്ധമെന്ന് കേളികേട്ട കേരളം നീങ്ങിക്കൊണ്ടിരിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ജാതിയും സ്ഥാനാർത്ഥി സ്വീകാര്യതയും മുന്നിലും രാഷ്ട്രീയം പിന്നിലും ആകുന്ന അവസ്ഥ. അതായത് പരമ്പരാഗത വോട്ടുബാങ്കുകൾ തകരുന്നതാണ് കേരള തിരഞ്ഞെടുപ്പുകളിലെ അതിനൂതന പ്രവണത. കേരളത്തിൽ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ട, ഇടത്-വലത് വ്യത്യാസമില്ലാതെ, മിക്കവരുടെയും വിജയത്തിന്റെ പിന്നിൽ ഈ സമവാക്യമാണ് പ്രവർത്തിച്ചതെന്ന് സൂക്ഷ്മനിരീക്ഷണം ബോധ്യപ്പെടുത്തും. തിരുവനന്തപുരത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തും രാജഗോപാൽ രണ്ടാം സ്ഥാനത്തും എത്തിയതിന്റെ രഹസ്യവും വേറൊന്നല്ല.

 

കൊല്ലത്തെ അഭിമാന പോരാട്ടം

 

കേരളത്തിൽ ശക്തി പ്രാപിച്ചുവരുന്ന ഈ പൊതുപ്രവണതകളുടെ പശ്ചാത്തലത്തിൽ കൊല്ലത്തെ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാനാണ് ഇവിടെ തുനിയുന്നത്. ഇടതു ജനാധിപത്യ മുന്നണി വിട്ടുപോയ എൻ.കെ പ്രേമചന്ദ്രനും ആർ.എസ്.പിയും യു.ഡി.എഫിന്റെ ഭാഗമായി മാറിക്കൊണ്ട് കൊല്ലത്ത് നേടിയ വിജയം, തീർച്ചയായും അവർക്ക് അഭിമാനത്തിന് വക നൽകുന്നതാണ്. തങ്ങൾ കൊല്ലത്ത് ഒരു ശക്തിയാണെന്ന് തെളിയിക്കാൻ 'റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി'യ്ക്ക് കഴിഞ്ഞു എന്നതിൽ തർക്കമില്ല. സി.പി.ഐ.എമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി എൽ.ഡി.എഫ് സ്ഥാനാർത്ഥിയായതോടെ കൊല്ലം ദേശീയ ശ്രദ്ധ നേടിയ മണ്ഡലമായി മാറുകയുണ്ടായി. കൊല്ലത്തെ മത്സരം ഇരുകൂട്ടർക്കും അഭിമാന പോരാട്ടമായി മാറി. തങ്ങൾക്ക് സീറ്റ് നിഷേധിച്ച സി.പി.ഐ.എമ്മിന്റെ വല്യേട്ടൻ മനോഭാവത്തിനോട് പകരം വീട്ടാനുള്ള അവസരമായി ആർ.എസ്.പിയും ഇടതുപക്ഷ രാഷ്ട്രീയത്തെ ഒറ്റിക്കൊടുക്കുന്ന വഞ്ചനാപരമായ സമീപനം സ്വീകരിച്ചുകൊണ്ട് വലതുപക്ഷ പാളയത്തിൽ അഭയം തേടിയ പ്രേമചന്ദ്രനും ആർ.എസ്.പിയ്ക്കും അർഹിക്കുന്ന തിരിച്ചടി കൊടുക്കുന്നതിനുള്ള അവസരമായി സി.പി.ഐ.എമ്മും കൊല്ലത്തെ മത്സരത്തെ കണ്ടു. ഈ അഭിമാന പോരാട്ടത്തിൽ സി.പി.ഐ.എമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗത്തെ തോൽപ്പിച്ചുകൊണ്ട് പ്രേമചന്ദ്രൻ നേടിയ വിജയം അവർക്ക് അധിക മധുരം നൽകുന്നതും പകരം വീട്ടലിന്റെ രുചിയുള്ളതുമാണെന്നുള്ളതിൽ തർക്കമില്ല. എം.എ ബേബിയുടെ തോൽവി സി.പി.ഐ.എമ്മിന് മാത്രമല്ല, ഒരു നേതാവെന്ന നിലയിൽ ബേബിയുടെ ബൗദ്ധികവും വൈജ്ഞാനികവും സംഘടനാപരവുമായ ഔന്നത്യവും വൈയക്തിക സവിശേഷതകളും അടുത്തറിയുന്നവർക്കെല്ലാം ഒരു ആഘാതം തന്നെ.

 

ma babyബേബിയുടെ പരാജയത്തിലേക്ക് നയിച്ച ഘടകങ്ങൾ പലതാണ്. പ്രധാനപ്പെട്ട ഒരു ഘടകം ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയിൽ ആർ.എസ്.പിയ്ക്ക്  കൊല്ലത്തുള്ള സ്വാധീനം തന്നെയാണ്. കൊല്ലം ലോകസഭാ മണ്ഡലത്തിൽ ആർ.എസ്.പിക്ക് സ്വന്തം നിലയിൽ ഏറ്റവും ചുരുങ്ങിയത് 30,000-ത്തിനും 35,000-ത്തിനുമിടയിൽ വോട്ടുണ്ടാകും. 37,850 വോട്ടാണ് പ്രേമചന്ദ്രന്റെ ഭൂരിപക്ഷം. ആർ.എസ്.പിക്ക് അവരുടെ സ്വന്തം തട്ടകമായ കൊല്ലത്തുള്ള വോട്ട് സ്വാധീനം എൽ.ഡി.എഫ് കുറച്ചുകണ്ടു. അതിന്റെ ഉദാഹരണമാണ് ആർ.എസ്.പിക്കാർ പൊതുവെ എൽ.ഡി.എഫിന് വോട്ടു ചെയ്യാറില്ലെന്നും കഴിഞ്ഞ തവണ അവർ പി. രാജേന്ദ്രന് വോട്ട് ചെയ്തിട്ടില്ലെന്നും ഒരു വിഭാഗം സി.പി.ഐ.എം പ്രവർത്തകർ നടത്തിയ പ്രചാരണം. ഒരുപക്ഷേ, ഗണ്യമായ ഒരു വിഭാഗം ആർ.എസ്.പിക്കാർ തങ്ങൾക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കഴിഞ്ഞ തവണയും എൽ.ഡി.എഫ് വിരുദ്ധ നിലപാട് എടുത്തിട്ടുണ്ടാകാം. എന്നാൽ മുഴുവൻ ആർ.എസ്.പിക്കാരും അങ്ങനെയാണെ് വിലയിരുത്തിയതും ആർ.എസ്.പി ഒരു വിജയ നിർണായക ഘടകമേ അല്ലെന്ന്‍ യാഥാർത്ഥ്യ ബോധമില്ലാതെ 'കുട്ടിസഖാക്കൾ' പ്രചരിപ്പിച്ചതും ബേബിക്കും എൽ.ഡി.എഫിനും വിനയായി മാറിയെന്നതാണ് വസ്തുത. ആർ.എസ്.പിയുടെ ശക്തി യാഥാർത്ഥ്യ ബോധത്തോടെ വിലയിരുത്തുന്നതിലും അതിനെ മറികടക്കുന്നതിന് ആവശ്യമായ തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിലും എൽ.ഡി.എഫ് നേതൃത്വത്തിനും പ്രവർത്തകർക്കും ഉണ്ടായ വീഴ്ചയാണ് ബേബിയുടെ പരാജയത്തിന്റെ ഒന്നാമത്തെ കാരണം.

 

ജാതിയാണ് രണ്ടാമത്തെ ഘടകം. കൊല്ലം ലോകസഭാ മണ്ഡലം ഒരു പ്രത്യേക ജാതി വിഭാഗത്തിന്റെ കുത്തകയാണെന്നും അത് കൈവിട്ട് പോകാതെ നിലനിർത്തേണ്ടത് സമുദായ താല്പര്യമാണെന്നുമുള്ള പ്രചരണം രഹസ്യമായും പരസ്യമായും നായർ സമുദായത്തിനിടയിൽ വ്യാപകമായി നടത്തുകയുണ്ടായി. ആർ.എസ്.പിക്ക് സീറ്റ് നിഷേധിച്ചത് പ്രേമചന്ദ്രന് സീറ്റ് നിഷേധിച്ചതായും പ്രേമചന്ദ്രൻ നായരായതുകൊണ്ടാണ് സീറ്റ് നിഷേധിച്ചതെന്നും പ്രചരിപ്പിക്കപ്പെട്ടു. 'റവല്യൂഷണറി സോഷ്യലിസ്റ്റായ' പ്രേമചന്ദ്രൻ വെറും നായരായി വേഷം മാറുന്നതാണ് കൊല്ലത്ത് കണ്ടത്. സ്വാഭാവികമായും ഇത് നായർ സമുദായ ഏകീകരണത്തിന് വഴിതെളിച്ചു. അതുപോലെ തന്നെ ലത്തീന്‍ കത്തോലിക്കാ വിഭാഗത്തില്‍ പെട്ട ബേബിയ്ക്ക് കത്തോലിക്കരെല്ലാം ഒറ്റക്കെറ്റായി വോട്ട് ചെയ്യുമെന്ന എൽ.ഡി.എഫിലെ ചില ഉപരിപ്ലവ സ്തുതിപാഠകരുടെ ഒറ്റയ്ക്കും തെറ്റയ്ക്കുമുള്ള അടക്കം പറച്ചിലുകളും നായർ സമുദായ ധ്രുവീകരണം പ്രേമചന്ദ്രന് വോറ്റാക്കി മാറ്റുന്ന പ്രതിപ്രവർത്തനത്തിനാണ് വഴിതെളിച്ചത്. പാലക്കാടിന് തെക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നായർ സമുദായ അംഗങ്ങള്‍ ഇല്ലാതിരുന്നതും കൊല്ലത്ത് പ്രേമചന്ദ്രന് അനുകൂലമായ സമുദായ ധ്രുവീകരണത്തെ ശക്തിപ്പെടുത്തുന്നതിനാണ് സഹായിച്ചത്. അതേസമയം, ന്യൂനപക്ഷ വോട്ട് ലക്ഷ്യം വച്ച് ആ വിഭാഗങ്ങൾക്ക് സ്ഥാനാർത്ഥി പട്ടികയിൽ അമിത പ്രാധാന്യം നൽകിയതും അതുവഴി സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാലിക്കേണ്ട സമുദായ സന്തുലനം അവഗണിച്ചതും കൊല്ലമടക്കമുള്ള മണ്ഡലങ്ങളിൽ നായർ വിഭാഗത്തെ എൽ.ഡി.എഫ് വിരുദ്ധ വികാരത്തിലേക്ക് നയിച്ചുവെന്ന്‍ വേണം കരുതാൻ.

 

എന്നാൽ, പ്രചരിപ്പിക്കപ്പെട്ടതുപോലെ ബേബിയ്ക്കനുകൂലമായി ഒരു സമുദായ ധ്രുവീകരണവുമുണ്ടായില്ലെന്നതിന് തെളിവാണ് കത്തോലിക്കർ നിർണ്ണായക ഘടകമായ ചവറയിൽ 24000 വോട്ടും കൊല്ലത്ത് 14000 വോട്ടും കുണ്ടറയിൽ 6000 വോട്ടും പ്രേമചന്ദ്രൻ ലീഡ് നേടിയത്.

 

ബേബിയെക്കാൾ പ്രേമചന്ദ്രന് മണ്ഡലത്തിലുള്ള സുപരിചിതത്വമാണ് മറ്റൊരു ഘടകമായത്. ബേബി സാധാരണക്കാർക്ക് അഭിഗമ്യനല്ലെന്ന പ്രചരണം യു.ഡി.എഫ് ബോധപൂർവ്വം നടത്തി. കല്യാണത്തിനും ചാക്കാലക്കും ഹാജരാകുന്നതാണ് ജനകീയതയെന്ന ധാരണ എങ്ങനെയോ നമ്മുടെ നാട്ടിൽ ശക്തമായി വേരുറച്ചിരിക്കുന്നു. അതായിരിക്കുന്നു തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള സ്ഥാനാർത്ഥിയുടെ ഏറ്റവും വലിയ യോഗ്യത. അല്ലാതെ സ്ഥാനാർത്ഥിയുടെ കഴിവോ ധൈഷണിക ശേഷിയോ രാഷ്ട്രീയ നിലപാടോ ഒന്നും ഒരു ഘടകമല്ലാതായിരിക്കുന്നു. ഉള്ളിൽ ആത്മാർത്ഥതയുടെ കണിക പോലുമില്ലാതെ എല്ലാവരെയും എപ്പോഴും തോളിൽ തട്ടി വെളുക്കേ ചിരിച്ച് സൗഹൃദഭാവം അഭിനയിക്കാൻ പാർലമെന്ററി വ്യാമോഹം മുഖമുദ്രയാക്കിയിട്ടുള്ള അന്തസ്സാരരശൂന്യ രാഷ്ട്രീയ ഭിക്ഷാംദേഹികൾക്ക് മാത്രമേ കഴിയൂ. ബേബിയെപ്പോലെ ഗൗരവമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര ചിന്തകൾക്കും സംഘർഷാത്മകമായ സാമൂഹിക പ്രശ്നങ്ങൾക്കും മനസ്സിൽ മുൻഗണന കൊടുക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരന് കപടപുഞ്ചിരി തൂകുന്ന വദനവുമായി എപ്പോഴും നടക്കാൻ കഴിഞ്ഞെന്നു വരില്ല. ആത്മാർത്ഥമായ ഈ രാഷ്ട്രീയ ജാഗ്രത രൂപപ്പെടുത്തിയ ബേബിയുടെ വ്യക്തിത്വമാണ് കൊല്ലത്ത് അദ്ദേഹത്തിന്റെ കുറവായി പ്രചരിപ്പിക്കപ്പെട്ടത്. ബാഹ്യമോഡികളും വ്യാജപെരുമാറ്റ ശീലങ്ങളും കണ്ടു പരിചയിച്ച ശുദ്ധാത്മക്കളായ സാധാരണക്കാർ ഇത്തരം പ്രചരണങ്ങൾക്ക് വേഗത്തിൽ വശംവദരാകുന്നത് ഇന്നത്തെ പൊങ്ങച്ചകാലത്ത് സ്വാഭാവികമാണ്.

 

കരിയറിസ്റ്റുകളായ പാർട്ടി പ്രവർത്തകരുടെ ജാഗ്രതയില്ലായ്മയും ഉപരികമ്മിറ്റി നേതൃത്വത്തെ തൃപ്തിപ്പെടുത്താൻ യാഥാർത്ഥ്യ ബോധമില്ലാതെ വോട്ട് കണക്കുകൾ എഴുതിക്കൊടുത്ത് നേതൃത്വത്തെ വഴിതെറ്റിക്കുന്ന പ്രവണതയും എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ സൂക്ഷ്മതയ്ക്ക് വലിയ ക്ഷതമേല്പിച്ചിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു വസ്തുത. തങ്ങളുടെ പാർട്ടി സ്ഥാനവും രാഷ്ട്രീയ തൊഴിലും സംരക്ഷിക്കുകയെന്ന സ്വാർത്ഥതാല്പര്യത്തിനപ്പുറം നിയതമായ രാഷ്ട്രീയവും സംഘടനാപരവുമായ പ്രതിബദ്ധത പുലർത്തുന്നതിൽ തീരെ ജാഗ്രതയില്ലാത്ത പ്രവർത്തകരും നേതാക്കളും സി.പി.ഐ.എമ്മിന് ഒരു ബാദ്ധ്യതയായി മാറിയിരിക്കുകയാണ്. ബേബിയുടെ പരാജയത്തിന് പിന്നിൽ ആത്മാർത്ഥതാ ശൂന്യരായ ഇത്തരം പ്രവർത്തകരുടെ വഴിപാട് പ്രവർത്തനത്തിന്റെ പങ്ക് കുറച്ചു കാണാനാകില്ല.

 

നേതൃത്വത്തെ സുഖിപ്പിക്കുതിന് സ്തുതിപാഠകത്തം ഒരു കലയാക്കി മാറ്റിയ, മണ്ഡലവും ജനങ്ങളുമായി ബന്ധമില്ലാത്തവരും തിരഞ്ഞെടുപ്പ് കാലത്ത് മാത്രം അവതരിക്കുകയും ചെയ്യുന്നവരുമായ  'വായാടികമ്മ്യൂണിസ്റ്റുകൾ' പ്രചരിപ്പിച്ച അമിതാത്മവിശ്വാസം വരുത്തിവച്ചതും ചില്ലറ ക്ഷതമല്ല.

 

ഒരു ഉന്നത നേതാവിന്റെ 'വാമൊഴിവഴക്ക'മെന്ന്‍ സ്തുതിപാഠകർ പ്രകീർത്തിച്ചേക്കാവുന്ന അണ്‍പാർലമെന്ററിയായ പദപ്രയോഗത്തിന് ബേബിയുടെ തോൽവിയിൽ വലിയ പങ്കുണ്ടെന്നുള്ളത് അനിഷേധ്യമായ ഒരു വസ്തുതയാണ്. യു.ഡി.എഫ് സ്ഥാനാർത്ഥിയെ വിമർശിക്കാൻ ഉപയോഗിച്ച ആ പദപ്രയോഗം ഉണർത്തി വിട്ട കോളിളക്കം കൊല്ലത്ത് ഇനിയും കെട്ടടങ്ങിയിട്ടില്ലെന്ന്‍ പറയുമ്പോൾ അതു വരുത്തിവച്ച ക്ഷതത്തിന്റെ ഗുരുത്വം മനസ്സിലാകുമല്ലോ? കാലവും ജനതയും മാറിയതറിയാതെ പൂർവ്വകാലത്ത് ജീവിക്കുന്ന ചില നേതാക്കളുടെ സംസാരഭാഷയും ശരീരഭാഷയും പ്രസ്ഥാനത്തിന് വരുത്തിവയ്ക്കുന്ന ദോഷത്തിന്റെ വ്യാപ്തി തിരിച്ചറിയാൻ കഴിയാത്തവർ അവർ മാത്രമാണ്. സാമൂഹിക-രാഷ്ട്രീയ അഭിപ്രായ രൂപീകരണത്തിൽ ഒരുതരം ഉപരിപ്ലവ സദാചാര-സാംസ്കാരികബോധം വച്ചുപുലർത്തുന്ന മധ്യവർഗ്ഗം മേൽക്കോയ്മ സ്ഥാപിച്ചിട്ടുള്ള കേരളം പോലെയുള്ള ഒരു സമൂഹം ഇത്തരം പദപ്രയോഗങ്ങൾ സ്വീകരിക്കുകയില്ലെന്ന്‍ തിരിച്ചറിയാനുള്ള കാലികമായ ആർജ്ജവം രാഷ്ട്രീയ നേതാക്കൾക്ക് ഉണ്ടാകേണ്ടതാണ്. പ്രേമചന്ദ്രന്റെ ഭൂരിപക്ഷം 20000-ത്തിൽ താഴെ ആകേണ്ടത് 37000 ആയി ഉയർത്തിയതിൽ ഈ 'വാമൊഴി വഴക്ക'ത്തിന്റെ പങ്ക് ചെറുതല്ലെന്ന്‍ കൊല്ലത്തെ സാധാരണ മനുഷ്യരുമായി ഇടപെടുന്ന ആരെയും പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതില്ല.

 

ഇതോടൊപ്പം കേരളത്തിൽ പൊതുവിൽ സി.പി.ഐ.എമ്മിന് ഉള്ളിൽ നിലനിൽക്കുന്ന വിഭാഗീയത ക്രോസ് വോട്ടിംഗിന് പ്രേരകമാകാനുള്ള സാദ്ധ്യതയും കൊല്ലത്തും തള്ളിക്കളയാവുന്നതല്ല. സി.പി.ഐഎമ്മിനോടും ഇടതുപക്ഷത്തിനോടും പുതിയ തലമുറയും നിഷ്പക്ഷ സമ്മതിദായകരും പുലർത്തുന്ന അകൽച്ചയും വിശ്വാസമില്ലായ്മയും ബേബിയേയും ബാധിച്ചിട്ടുണ്ടെന്നതും തീർച്ചയാണ്. സി.പി.ഐ.എം വിമതരും നവ ഇടതു ഗ്രൂപ്പുകളും തങ്ങളുടെ വോട്ടുകൾ, സ്വന്തം സ്ഥാനാർത്ഥിക്ക് ചെയ്യാതെ, സി.പി.ഐ.എമ്മിനെ തോല്പിക്കുകയെന്ന പ്രതികാര ബുദ്ധിയോടെ കേരളത്തിലാകെ യു.ഡി.എഫിന് ചെയ്തിട്ടുള്ളതിന്റെ അലകൾ കൊല്ലത്തും പ്രതിഫലിച്ചിട്ടുണ്ടെന്ന് കാണാതിരിക്കരുത്. സി.പി.ഐ.എമ്മിന്റെ സമീപകാല നയസമീപനങ്ങളിലും നേതൃത്വ ശൈലിയിലും അസ്വസ്ഥരും അസംതൃപ്തരുമായ ഇടതുപക്ഷക്കാരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്ന വസ്തുത പാർട്ടി ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് വേണം കരുതാൻ. ഈ അമർഷം കൊല്ലത്തും പ്രതിഫലിച്ചിട്ടുണ്ട്. പരമ്പരാഗത ഇടതുപക്ഷ കുടുംബങ്ങൾ കൂട്ടത്തോടെ യുഡിഎഫിന് വോട്ട് ചെയ്ത സംഭവങ്ങൾ കുറവല്ല. ഈ പ്രതികൂല ഘടകങ്ങളെല്ലാം ഒത്തുചേർന്നതാണ് കൊല്ലത്ത് എം.എ ബേബിയുടെ തോൽവിക്ക് കാരണമായി ഭവിച്ചത്.

 

കേരളത്തിൽ രാഷ്ട്രീയ പ്രത്യയശാസ്ത്രം ദുർബ്ബലപ്പെടുന്നതിന്റേയും അവസരവാദ നിലപാടുകളും ജാതി-സമുദായ ചിന്താഗതികളും ശക്തിപ്പെടുന്നതിന്റെയും തെളിവാണ് കശുവണ്ടി, കയർ, മത്സ്യ, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലകളിലെ തൊഴിലാളികൾക്കും പ്രതിസന്ധി നേരിടുന്ന റബ്ബർ കൃഷിക്കാരടക്കമുള്ള ദരിദ്രകർഷകർക്കും മുൻതൂക്കമുള്ള കൊല്ലത്ത് ബേബിക്കും എൽ.ഡി.എഫിനും ഉണ്ടായ പരാജയവും സീറ്റിന് വേണ്ടി രാഷ്ട്രീയ നിലപാടിനെ തള്ളിപ്പറഞ്ഞ പ്രേമചന്ദ്രനുണ്ടായ വിജയവും.

Tags: