ശ്രീനഗര്‍: യുവാവ് സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരിലെ പ്രധാന നഗരങ്ങളിലും ശ്രീനഗറിലും പ്രഖ്യാപിച്ച അനിശ്ചിതകാല നിരോധനാജ്ഞ വ്യാഴാഴ്ച അര്‍ധരാത്രി മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഹൈദരാബാദില്‍ കശ്മീരി വിദ്യാര്‍ഥിയുടെ മരണത്തില്‍ പ്രതിഷേധിക്കുന്നതിനിടെയാണ് ബാരാമുള്ളയില്‍ യുവാവ് കൊല്ലപ്പെട്ടത്. തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ക്രമസമാധാനം നിലനിര്‍ത്താന്‍ ചൊവ്വാഴ്ച രാത്രിമുതലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.
വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കുശേഷം പ്രതിഷേധിക്കാന്‍ വിഘടനവാദി സംഘടനകളുടെ സഖ്യമായ മുത്താഹിദ മജ്ലിസ് ഇ മഷാവരാത് ആഹ്വാനം നല്കിയ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ വ്യാപിപ്പിച്ചത്. പാര്‍ലമെന്റ് ആക്രമണ കേസില്‍ തിഹാര്‍ജയിലില്‍ തൂക്കിലേറ്റിയ അഫ്സല് ഗുരുവിന്റെയും നേരത്തേ തൂക്കിലേറ്റിയ ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട്(ജെ.കെ.എല്‍.എഫ്.) സ്ഥാപകന്‍ മൊഹമ്മദ് മഖ്ബൂല്‍ ഭട്ടിന്റെയും മൃതദേഹങ്ങള്‍ വിട്ടുകിട്ടണമെന്നും സഖ്യം ആവശ്യപ്പെട്ടു.