Skip to main content
ഇരിങ്ങാലക്കുട

 

പെരിഞ്ഞനം നവാസ് വധക്കേസിൽ സി.പി.ഐ.എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി അടക്കം കുറ്റക്കാരെന്ന്‍ കണ്ടെത്തിയ പത്ത് പ്രതികൾക്ക് ജീവപര്യന്തം തടവ്. പ്രതികൾ 50,000 രൂപ വീതം പിഴയും അടയ്ക്കണം. ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി. രാഗിണിയാണ് ശിക്ഷ വിധിച്ചത്. കേസിലെ 11 പ്രതികളില്‍ ഒരാളെ വെറുതെ വിട്ടു.

 

2014 മാർച്ച് രണ്ടിന് രാത്രി അക്രമിസംഘം ആളുമാറി പെരിഞ്ഞനം മൂന്നുപീടികയിൽ താമസിച്ചിരുന്ന തളിയപ്പാടത്ത് മുഹമ്മദാലിയുടെ മകൻ നവാസിനെ വധിക്കുകയായിരുന്നു. പെരിഞ്ഞനത്തെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന്‍ ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ബി.ജെ.പി നേതാവുമായ കല്ലാടൻ ഗിരീഷിനെ വധിക്കാനുള്ള നീക്കമായിരുന്നു നവാസിന്റെ കൊലപാതകത്തിൽ കലാശിച്ചത്.

 

സി.പിഐ.എം പെരിഞ്ഞനം ലോക്കല്‍ സെക്രട്ടറിയായിരുന്ന ചക്കരപ്പാടം നെല്ലിപ്പറമ്പത്ത് വീട്ടില്‍ രാമദാസ് ഏഴാം പ്രതിയും പെരിഞ്ഞനം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കിഴക്കേടത്ത് സനീഷ് കേസില്‍ ആറാംപ്രതിയുമായിരുന്നു. വാടകഗുണ്ടകളായ ചെറുവാള്‍ക്കാരന്‍ വീട്ടില്‍ റിന്റോ, അറയ്ക്കല്‍ വീട്ടില്‍ സലേഷ്, ചിറ്റിയത്ത് വീട്ടില്‍ ബിഥുന്‍, പൂക്കോള് വീട്ടില്‍ ജിക്സണ്‍ എന്ന ഈപ്പച്ചന്‍, നടക്കന്‍ വീട്ടില്‍ ഉദയകുമാര്‍ എന്നിവരാണ് ഒന്നുമുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍. ഡി.വൈ.എഫ്.ഐ നേതാവ് പുതിയവീട്ടില്‍ റഫീക് എട്ടും ചുള്ളിപറമ്പില്‍ വീട്ടില്‍ സുബൈര്‍ പത്തും, ഹബീബ് പതിനൊന്നും പ്രതികളാണ്. കേസില്‍ ഒമ്പതാം പ്രതി ആയിരുന്ന സുമേഷിനെയാണ് വെറുതെ വിട്ടത്.

 

ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികളെ കൊലപാതകക്കുറ്റത്തിനും 6,7,8,10 പ്രതികളെ ഗൂഢാലോചനക്കുമാണ് കുറ്റക്കാരെന്ന് കണ്ടത്തെിയത്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന കുറ്റമാണ് പതിനൊന്നാം പ്രതിക്കുള്ളത്.

 

പിഴത്തുകയിൽ ഒരു ലക്ഷം രൂപ നവാസിന്റെ ബന്ധുക്കൾക്ക് നൽകണം. 50,000 രൂപ വീതം ആക്രമണത്തിൽ പരിക്കേറ്റ നവാസിന്റെ കൂട്ടുകാരായ സുബ്രഹ്മണ്യൻ, രമേഷ് കുമാർ എന്നിവർക്ക് നൽകണമെന്നും കോടതി വിധിച്ചു.