Skip to main content

Tom Jose

 

തൊഴില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ മുതിര്‍ന്ന ഐ.എ.എസുകാരന്‍ ടോം ജോസിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ സര്‍ക്കാര്‍ അന്വേഷണം. പൊതുമരാമത്ത് സെക്രട്ടറിയായിരിക്കേ മഹാരാഷ്ട്രയില്‍ എസ്‌റ്റേറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. സിവില്‍ സര്‍വ്വീസ് ചട്ടമനുസരിച്ച് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നേടാതെ ഭൂമി വാങ്ങിയത് നേരത്തെ വിവാദമായിരുന്നു.

 

മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ്ഗ താലൂക്കില്‍ 1.63 കോടി രൂപ മുടക്കിയാണ് ടോം ജോസ് എസ്‌റ്റേറ്റ് വാങ്ങിയത്. ഇതിനായി 1.34 കോടി രൂപ തിരുവനന്തപുരത്തെ ഒരു ബാങ്കില്‍ നിന്നും വായ്പ എടുത്തിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനകം പലിശ സഹിതം 1.41 കോടി രൂപ അദ്ദേഹം തിരിച്ചടച്ചതായും കണ്ടെത്തിയിരുന്നു. വായ്പ്പയെടുത്ത ഒന്നേമുക്കാല്‍ കോടി രൂപ പെട്ടെന്ന് തിരിച്ചടച്ചതിനെ തുടര്‍ന്നാണ് പണത്തിന്‍റെ ഉറവിടത്തേക്കുറിച്ച് അന്വേഷണം ഉണ്ടായത്.

 

40 ലക്ഷം രൂപ സ്വന്തം പണമാണെന്നും ശേഷിക്കുന്നത് ബാങ്ക് വായ്പയാണെന്നുമാണ് ആദ്യം ടോം ജോസ് നല്‍കിയ വിശദീകരണം. ഈ വായ്പ ഒരു വര്‍ഷത്തിനകം തിരിച്ചടച്ചതാണ് എങ്ങനെയെന്ന ചോദ്യത്തിന് രണ്ടുപേര്‍ വായ്പ നല്‍കി സഹായിച്ചു എന്നാണ് ഇതിന് ടോം നല്‍കിയ വിശദീകരണം. എന്നാല്‍ പണം വായ്പ കൊടുത്ത വ്യക്തികളുടെ പാന്‍ കാര്‍ഡ് രേഖകളോ മറ്റ രേഖകളോ ഇതുവരെ ടോം ജോസ് ഹാജരാക്കിയിട്ടില്ല. അവശ്യമായ രേഖകള്‍ ഉടന്‍ തന്നെ ഹാജരാക്കാന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷന്‍ ടോം ജോസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.