ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയ്ക്കെത്തിരെ വധഭീഷണിയുയര്‍ത്തി പ്രസംഗിച്ച ഉത്തര്‍ പ്രദേശിലെ സഹാറന്‍പൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇമ്രാന്‍ മസൂദിന് നേരെ പോലീസ് കേസെടുത്തു. മോഡിയെ 'കഷണങ്ങളായി അരിയുമെന്ന്' പരാമര്‍ശിച്ച പ്രസംഗത്തെ ശക്തമായി വിമര്‍ശിച്ച ബി.ജെ.പി മസൂദിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
സഹാറന്‍പൂറില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ മസൂദ് നടത്തിയ പ്രസംഗം വെബില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന്‍ ജില്ലയിലെ ദേവ്ബാദ് പോലീസ് സ്റ്റേഷനില്‍ മസൂദിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.
ഉത്തര്‍ പ്രദേശിനെ ഗുജറാത്ത് ആക്കാനാണ് മോഡി ശ്രമിക്കുന്നതെങ്കില്‍ മോഡിയെ കഷണങ്ങളായി അരിയുമെന്നായിരുന്നു മസൂദിന്റെ പരാമര്‍ശം. എന്നാല്‍, ഇതില്‍ പിന്നീട് മാപ്പ് ചോദിച്ച മസൂദ് തെരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് വിശദീകരിച്ചു.
പ്രസംഗത്തിന്റെ സി.ഡി തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചുകൊടുത്തിട്ടുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് അധികാരി സന്ധ്യ തിവാരി അറിയിച്ചു.
പ്രസംഗത്തെ ശക്തമായി അപലപിച്ച ബി.ജെ.പി നാളെ ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് അറിയിച്ചു. പാര്‍ട്ടിയുടെ ഒരു ഉന്നതതല സംഘം ഈ വിഷയത്തില്‍ നാളെ തെരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിക്കുന്നുമുണ്ട്.