Skip to main content
പറവൂര്‍

ommen chandiമൂന്നുവര്‍ഷമായി തുടരുന്ന കേസിന്‍റെ വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും വിചാരണയ്‌ക്കും സംരക്ഷണത്തിനുമായി താമസിപ്പിച്ച ഒബ്‌സര്‍വേഷന്‍ ഹോമില്‍ നിന്ന്‌ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പറവൂര്‍ പീഡനത്തിനിരയായ പെണ്‍കുട്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചു. 

 

രണ്ട് കൊല്ലത്തിനുള്ളില്‍ കേസ് തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഈ കാലാവധി പൂര്‍ത്തിയായെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കു സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ വിചാരണ നീട്ടി വെപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ നടപടി ഉണ്ടാകണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

തനിക്ക് 14 വയസുണ്ടായിരുന്നപ്പോള്‍ സംഭവിച്ച പീഡനത്തിന്‍റെ  വിചാരണ 18 വയസായപ്പോഴും തുടരുകയാണെന്നും 18 വയസിനു ശേഷം ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിയാനുള്ള അനുവാദമില്ലെങ്കിലും തന്റെ സുരക്ഷയെ കരുതി സര്‍ക്കാര്‍ അതിന് അനുവദിച്ചിരിക്കുകയാണെന്നും പെണ്‍കുട്ടി പറയുന്നു. പീഡനത്തില്‍ പ്രതികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ശിക്ഷിക്കപ്പെട്ട്‌ ജയിലിലാണ്‌.

 

കേസില്‍ വിചാരണ തുടങ്ങിയിട്ട് രണ്ടു വര്‍ഷമായെങ്കിലും ഇതുവരെ ആറു കേസുകളില്‍ മാത്രമാണ് വിചാരണ പൂര്‍ത്തിയായത്. ഇനിയും 42 കേസുകളിലെ വിചാരണ  പൂര്‍ത്തിയാകാനുണ്ടെന്നും ആറു കേസുകളിലെ വിചാരണ പൂര്‍ത്തിയാകാന്‍ രണ്ടു വര്‍ഷമെടുത്ത സാഹചര്യത്തില്‍ മറ്റു കേസുകളുടെ വിചാരണ കഴിയാന്‍ ഇനി എത്ര വര്‍ഷം വേണ്ടി വരുമെന്നും പെണ്‍കുട്ടി ചോദിക്കുന്നു.

 

40 പേര്‍ക്ക്‌ താമസിക്കാന്‍ സൗകര്യമുള്ള ഒബ്‌സര്‍വേഷന്‍ ഹോമില്‍ 120-ല്‍ കൂടുതല്‍ പെണ്‍കുട്ടികളാണ്‌ ഇപ്പോഴുള്ളത്‌. ഇവിടുത്തെ ജീവിതം ദുസഹമാണെന്നും പീഡനത്തിനിരയായ താന്‍ തടവില്‍ ഇങ്ങനെ കഴിയുകയും പ്രതികള്‍ സമൂഹത്തില്‍ വിലസി നടക്കുകയും ചെയുന്നത് ശരിയാണോ എന്നും പെണ്‍കുട്ടി കത്തില്‍ ചോദിച്ചിരിക്കുന്നു.