സംസ്ഥാന ഗതാഗത കോര്‍പ്പറേഷനുകള്‍ക്ക് നല്‍കുന്ന ഡീസല്‍ സബ്സിഡി നിര്‍ത്തലാക്കിയ ഉത്തരവ് പിന്‍വലിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി. സെപ്തംബര്‍ 16-ന് ഉത്തരവ് സുപ്രീം കോടതി ശരിവച്ചതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ വീണ്ടുവിചാരം. നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിക്ക് ഇത് ഗുണകരമായേക്കും.
വന്‍കിട ഡീസല്‍ ഉപഭോക്താക്കള്‍ക്കുള്ള സബ്‌സിഡി നിര്‍ത്തലാക്കി ജനവരി 17-നാണ് പെട്രോളിയം മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ഈ വിഷയത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന്‍ നിവേദനങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് പുന:പരിശോധനയെന്ന് മൊയ്ലി പറഞ്ഞു.
സബ്സിഡി ഒഴിവാക്കിയതോടെ എണ്ണ ഉല്‍പ്പാദന കമ്പനികളുടെ മൊത്തവില്‍പ്പനയിലും കുറവ് വന്നിരുന്നു. മുന്‍പ് ഡീസല്‍ വില്‍പ്പനയുടെ അഞ്ചിലൊന്നും വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള മൊത്തവില്‍പ്പനയിലൂടെയായിരുന്നു. ഗതാഗത കോര്‍പ്പറേഷനുകളുടെ ബസുകള്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന്‍ ഇന്ധനം നിറക്കാന്‍ തുടങ്ങിയത് ചില്ലറ വില്‍പ്പനക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പെട്രോള്‍ പമ്പിലെ വിലയെക്കാളും ലിറ്ററിന് 14.50 രൂപ അധികമാണ് വിപണിവില. ഈ വിലയില്‍ ആണ് ജനുവരിയിലെ ഉത്തരവിന് ശേഷം എണ്ണ ഉല്‍പ്പാദന കമ്പനികള്‍ വന്‍കിട ഉപഭോക്താക്കള്‍ക്ക് നേരിട്ട് വില്‍പ്പന നടത്തിയിരുന്നത്.
വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കെണ്ടത് കാബിനറ്റ് ആണെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.