Skip to main content
ബീജിങ്ങ്

anti china protests in vietnam

 

ചൈനാ വിരുദ്ധ കലാപത്തെ തുടര്‍ന്ന്‍ വിയറ്റ്നാമില്‍ നിന്ന്‍ തങ്ങളുടെ പൗരരെ ഒഴിപ്പിക്കാന്‍ ചൈന ഞായറാഴ്ച അഞ്ച് കപ്പലുകള്‍ അയച്ചു. തെക്കന്‍ ചൈനാ കടലില്‍ ഇരുരാജ്യങ്ങളും ഒരേപോലെ അവകാശവാദമുന്നയിക്കുന്ന മേഖലയില്‍ എണ്ണ പര്യവേഷണ യാനം വിന്യസിച്ച ചൈനയുടെ നടപടിയ്ക്കെതിരെ വിയറ്റ്നാമില്‍ കഴിഞ്ഞ ആഴ്ച നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളില്‍ രണ്ട് ചൈനാക്കാര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

ഗുരുതരമായ പരിക്കേറ്റ 16 പേരെ ഞായറാഴ്ച കാലത്ത് പ്രത്യേക വിമാനത്തില്‍ ചൈനയില്‍ എത്തിച്ചതായി ചൈനീസ് വാര്‍ത്താ ഏജന്‍സി ശിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. 3000-ത്തില്‍ അധികം ചൈനാക്കാരെ ഇതിനകം വിയറ്റ്നാമില്‍ നിന്ന്‍ ഒഴിപ്പിചതായി ചൈനീസ് വിദേശകാര്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

 

ചൈനയുടെ എണ്ണ പര്യവേഷണ യാനത്തെ പ്രതിരോധിച്ച കപ്പലുകള്‍ക്കെതിരെ മെയ്‌ ഒന്നിന് തങ്ങളുടെ നാവിക കപ്പലുകള്‍ വിന്യസിച്ച വിയറ്റ്നാമിന്റെ നടപടി മേഖലയില്‍ നയതന്ത്ര സംഘര്‍ഷത്തിന് കാരണമായിരുന്നു. എന്നാല്‍, കഴിഞ്ഞ ആഴ്ച നടന്ന കലാപങ്ങളെ തുടര്‍ന്ന്‍ പ്രതിഷേധങ്ങള്‍ക്ക് മേല്‍ വിയറ്റ്നാം സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

കലാപത്തില്‍ ഹോ ചി മിന് നഗരത്തിലെ ഒട്ടേറെ ഫാക്ടറികള്‍ തകര്‍ക്കപ്പട്ടിട്ടുണ്ട്. മദ്ധ്യ വിയറ്റ്നാമിലെ ഹാ തിന്‍ പ്രവിശ്യയിലെ ഒരു സ്റ്റീല്‍ ഫാക്ടറിയ്ക്ക് നേരെ നടന്ന ആക്രമണത്തിലാണ് രണ്ട് ചൈനാക്കാര്‍ കൊല്ലപ്പെട്ടത്. ചൈനാക്കാര്‍ക്ക് പുറമേ തായ്‌വാന്‍ സ്വദേശികളും വിയറ്റ്നാം വിടുകയാണ്.