ഇന്ത്യയില്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏതു പാര്‍ട്ടി അധികാരത്തില്‍ വന്നാലും ചൈനയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ തുടരുമെന്ന് ഉറച്ചവിശ്വാസമുണ്ടെന്ന് ചൈനീസ് വിദേശകാര്യ ഉപമന്ത്രി ലിയു ചെന്മിന് അറിയിച്ചു. ബെയ്ജിങ്ങില്‍ വച്ച് നടന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ആറാം തന്ത്രപ്രധാന ചര്‍ച്ചക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉഭയകക്ഷിബന്ധവും അത് മെച്ചപ്പെടുത്താനുള്ള പുതിയ സംരംഭങ്ങളും ചര്‍ച്ചയ്ക്ക് വിഷയമാകും.
ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി സുജാതാ സിങ്ങും ലിയു സെന്മിനും തമ്മില്‍ ചൈനയില്‍ വച്ചാണ് ചര്‍ച്ച നടക്കുന്നത്. ഇന്ത്യയുമായി സൗഹൃദം പങ്കിടുന്നതില്‍ സന്തോഷമുണ്ടെന്നും ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇരു രാജ്യങ്ങളുടെയും ബന്ധം അഭിവൃദ്ധിപ്പെടുത്തുന്നതിനായി പൊതുസമ്മതപ്രകാരം പ്രവര്‍ത്തിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ല്യു പറഞ്ഞു. ചര്‍ച്ചയ്ക്കുശേഷം സുജാതാ സിങ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തും.
ഈ വര്‍ഷം രണ്ടാംപകുതിയില്‍ ഇരുരാജ്യങ്ങളും നേതൃതലത്തില്‍ നടത്താനുദ്ദേശിക്കുന്ന പരസ്പര സന്ദര്‍ശനങ്ങളുടെ രൂപരേഖ ചര്‍ച്ചയില്‍ തയ്യാറാക്കും. അടുത്തിടെ ചൈനയില്‍ തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ നടക്കുന്ന പ്രവിശ്യയായ ഷിന്‍ജിയാങ് പ്രവിശ്യയിലെ ഉയിറു മുസ്ലിങ്ങളുടെ സാന്നിധ്യവും അഫ്ഗാനിസ്താനിലെ സ്ഥിതിയും ചര്‍ച്ചയ്ക്ക് വിഷയമാകും. ചൈനയില്‍നിന്നുള്ള നിക്ഷേപം ക്ഷണിക്കുന്നതിനൊപ്പം ഐ.ടി, ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളുടെ വില്പ്പനകാര്യവും വര്‍ധിച്ചുവരുന്ന വ്യാപാരക്കമ്മിയും ചര്‍ച്ച ചെയ്യപ്പെടും.