മലേഷ്യ എയര്‍ലൈന്‍സിന്റെ കാണാതായ ജെറ്റ് വിമാനത്തിന് വേണ്ടി തിരച്ചില്‍ നടത്തുന്ന ചൈനീസ് കപ്പലിന് ലഭിച്ച സിഗ്നല്‍ സ്ഥിരീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായി തിരച്ചിലിന് നേതൃത്വം കൊടുക്കുന്ന സംഘം ഞായറാഴ്ച അറിയിച്ചു. കപ്പലിന് ലഭിച്ച സിഗ്നല്‍ വിമാനങ്ങളില്‍ നിന്നുള്ളതിന് സമാനമാണെന്നും എന്നാല്‍, ഇത് കാണാതായ വിമാനം എം.എച്ച് 370-ല്‍ നിന്നുള്ളത് തന്നെയാണോ എന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും തിരച്ചിലിന് നേതൃത്വം കൊടുക്കുന്ന ആസ്ത്രേലിയയുടെ മുന്‍ വ്യോമസേനാ മേധാവി ആങ്ങസ് ഹൂസ്റ്റണ്‍ പറഞ്ഞു.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ദക്ഷിണ ഭാഗത്ത് തിരച്ചില്‍ നടത്തുന്ന ചൈനീസ് കപ്പലിന് വിമാനത്തിന്റെ ബ്ലാക്ക് ബോക്സില്‍ നിന്നെന്ന് കരുതുന്ന സിഗ്നല്‍ ലഭിച്ചതായി ചൈനീസ് വാര്‍ത്താ ഏജന്‍സി ശിന്‍ഹുവ ശനിയാഴ്ച വൈകിട്ട് അറിയിച്ചിരുന്നു. ബാറ്ററി തീരുന്നതിന് മുന്‍പ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തുന്നതിനായി ശനിയാഴ്ച മുതല്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. സ്ഥാനം സൂചിപ്പിക്കുന്ന സിഗ്നലുകള്‍ പുറപ്പെടുവിക്കുന്ന ബ്ലാക്ക് ബോക്സിന്റെ ബാറ്ററി ഒരു മാസമേ പ്രവര്‍ത്തിക്കൂ. വിമാനം കാണാതായിട്ട് ശനിയാഴ്ചത്തേക്ക് നാലാഴ്ച തികഞ്ഞു.
ഏഴു രാജ്യങ്ങളില്‍ നിന്നുള്ള പത്ത് സൈനിക വിമാനങ്ങള്‍, മൂന്ന്‍ സിവിലിയന്‍ ജെറ്റ് വിമാനങ്ങള്‍, 11 കപ്പലുകള്‍ എന്നിവ അടങ്ങുന്ന സംഘം സമുദ്രത്തില്‍ 2.17 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വരുന്ന പ്രദേശത്താണ് തിരച്ചില്‍ നടത്തുന്നത്. ആസ്ത്രേലിയയിലെ പെര്‍ത്തില്‍ നിന്ന്‍ ഏകദേശം 1,700 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് മാറിയുള്ള ഈ ഭാഗത്ത് എം.എച്ച് 370 വിമാനം തകര്‍ന്ന്‍ വീണതായിട്ടാണ് കരുതുന്നത്.
മാര്‍ച്ച് എട്ടിന് മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരില്‍ നിന്ന്‍ ചൈനയിലെ ബീജിങ്ങിലേക്ക് പോയ വിമാനത്തില്‍ 239 പേരാണ് ഉണ്ടായിരുന്നത്. വിമാനം വഴിതിരിച്ച് പറന്നതിന്റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. വിവിധ രാജ്യങ്ങളിലെ വിമാനങ്ങള്‍ നടത്തിയ തിരച്ചില്‍ പറക്കലുകള്‍ക്കും കാണാതായ വിമാനത്തെ കുറിച്ച് വിവരമൊന്നും നല്‍കാനായിട്ടില്ല. ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ കടലില്‍ ഈ ഭാഗത്ത് നിന്ന് ചില അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നെങ്കിലും അവയൊന്നും എം.എച്ച് 370 വിമാനത്തിന്റേത് ആയിരുന്നില്ല.