Skip to main content
ബീജിങ്ങ്

Zhou Yongkangചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവും ചൈനയുടെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ ചുമതലക്കാരനുമായിരുന്ന ഛൌ യോങ്ങ്ഖാങ്ങിനെ വീട്ടുതടങ്കലില്‍ ആക്കിയതായി റിപ്പോര്‍ട്ട്. അഴിമതി, കൊലപാതകം തുടങ്ങിയ കുറ്റങ്ങളിലാണ് നടപടിയെന്ന് പോശുന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. യോങ്ങ്ഖാങ്ങിന്റെ മകന്‍ ഛൌ പിന്‍ ഇതിനകം അന്വേഷണ ഏജന്‍സികളുടെ നിയന്ത്രണത്തിലാണ്.

 

ചൈനയിലെ ഏറ്റവും ഉയര്‍ന്ന അധികാര കേന്ദ്രമായ പോളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ നിന്ന്‍ 2012-ല്‍ വിരമിക്കുന്നത് വരെയുള്ള ഒരു ദശക കാലയളവില്‍ ചൈനയിലെ ഏറ്റവും ശക്തരായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു യോങ്ങ്ഖാങ്ങ്. അന്വേഷണത്തില്‍ പ്രതി ചേര്‍ക്കുകയാണെങ്കില്‍ 1949 മുതല്‍ ചൈനയില്‍ അധികാരത്തിലുള്ള പാര്‍ട്ടിയുടെ ചരിത്രത്തില്‍ അഴിമതിക്കേസില്‍ ഉള്‍പ്പെടുന്ന ഏറ്റവും ഉന്നത പാര്‍ട്ടി നേതാവായി മാറും 71-കാരനായ യോങ്ങ്ഖാങ്ങ്.

 

ഡിസംബര്‍ ഒന്ന് മുതലാണ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ അധിവസിക്കുന്ന ബീജിങ്ങിലെ ഛുങ്ങ്നാന്‍ഹായിയിലെ വസതിയില്‍ യോങ്ങ്ഖാങ്ങിനെയും ഭാര്യയെയും തടങ്കലില്‍ ആക്കിയതെന്നാണ് പോശുന്‍ റിപ്പോര്‍ട്ട്. കൊലപാതകത്തിനും അഴിമതിയ്ക്കും പുറമേ, പാര്‍ട്ടി നേതാക്കളെ വകവരുത്തുന്നതിന് ഗൂഡാലോചന നടത്തിയ കുറ്റവും യോങ്ങ്ഖാങ്ങിന് മേല്‍ ചുമത്തിയിട്ടുണ്ടെന്നും വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. യോങ്ങ്ഖാങ്ങിന്റെ ജീവനക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗമായിരിക്കെ അഴിമതി കേസില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുകയും ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെടുകയും ചെയ്ത പോ ശിലായിയുടെ പാര്‍ട്ടിയില്‍ സഹായിച്ചിരുന്നത് യോങ്ങ്ഖാങ്ങ് ആയിരുന്നെന്ന് കരുതപ്പെടുന്നു. ശിലയിയുടെ ഭാര്യയ്ക്ക് കൊലപാതക കേസില്‍ വധശിക്ഷ വിധിച്ചെങ്കിലും നടപ്പാക്കിയിട്ടില്ല. എന്നാല്‍, പാര്‍ട്ടി നേതൃത്വത്തിന്റേതില്‍ നിന്നും വ്യത്യസ്തമായ നയങ്ങള്‍ പിന്തുടര്‍ന്നതാണ് ശിലായിക്കെതിരെയുള്ള നടപടിയുടെ പിന്നിലെന്നും ആരോപണമുണ്ട്. ശിലായിയുടെ കാര്യത്തിലെന്ന പോലെ വീട്ടുതടങ്കലില്‍ കഴിയുന്ന കാലയളവില്‍ ഔദ്യോഗികമായ അന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടിയില്‍ സമര്‍പ്പിച്ച് യോങ്ങ്ഖാങ്ങിനേയും നിയമനടപടികള്‍ക്ക് വിധേയനാക്കാനാണ് സാധ്യത.