പോളണ്ട് തലസ്ഥാനമായ വാഴ്സയില്‍ ആരംഭിച്ച കാലാവസ്ഥാ വ്യതിയാന ചര്‍ച്ചക്കിടെ യു.എസ് രേഖകള്‍ ചോര്‍ന്നു. പരിസ്ഥിതിയുടെ നിലനില്‍പ്പിന് ഏറെ അപകടകരമായ ഹരിതഗൃഹ വാതകങ്ങള്‍ പുറംതള്ളുന്നത് കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് സമ്മേളനം നടക്കുന്നത്. നിലവിലുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതില്‍ യു.എസ്സിന്റെ ചരിത്രപരമായ ഉത്തരവാദിത്വം യു.എസ് വിദേശകാര്യ വകുപ്പ് തയ്യാറാക്കിയ രേഖ നിരാകരിക്കുന്നു. യു.എന്‍ കാലാവസ്ഥാ വ്യതിയാന കണ്‍വെന്‍ഷനില്‍ പങ്കാളികളായ രാഷ്ട്രങ്ങളുടെ 19-ാം യോഗമാണ് വാഴ്സയില്‍ നടക്കുന്നത്.
സമ്മേളനത്തില്‍ ‘നഷ്ടവും പരിഹാരവും’ എന്ന നിര്‍ദേശം വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 77 രാജ്യങ്ങളും ചൈനയും മുന്നോട്ടു വച്ചിട്ടുണ്ട്. വികസിത രാജ്യങ്ങള്‍ മുന്‍കാലങ്ങളില്‍ നടത്തിയ മലിനീകരണം ബഹിര്‍ഗമനം നിയന്ത്രിക്കുന്ന വിഷയത്തില്‍ ഉള്‍പ്പെടുത്തണം എന്നതാണ് ഈ നിര്‍ദ്ദേശത്തിന്റെ കാതല്‍. എന്നല്‍, ഈ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരുന്നത് തടയണമെന്ന് യു.എസ് രേഖ ആവശ്യപ്പെടുന്നു. നിലവിലുള്ള സംവിധാനങ്ങളായ ഇണങ്ങിച്ചേരല്‍, ലഘൂകരണം എന്നിവയുടെ ഭാഗമായ പുതിയ നിര്‍ദ്ദേശം ഉള്‍പ്പെടുത്താവൂ എന്ന് യു.എസ് തങ്ങളുടെ പ്രതിനിധികളോട് നിര്‍ദ്ദേശിക്കുന്നു. അന്തരീക്ഷ മലിനീകരണത്തില്‍ വികസിത രാജ്യങ്ങള്‍ക്കുള്ള ചരിത്രപരമായ ബാധ്യത യു.എസ് തുടര്‍ച്ചയായി എതിര്‍ക്കുന്ന ഒരാശയമാണ്. ഹരിത കാലാവസ്ഥാ ഫണ്ടില്‍ സ്വകാര്യ നിക്ഷേപത്തിന്റെ സാധ്യതകളും ചര്‍ച്ചകളില്‍ ഉന്നയിക്കണമെന്ന് രേഖ നിര്‍ദ്ദേശിക്കുന്നു.
2020-ഓടെ കാലാവധി തീരുന്ന ക്യോട്ടോ ഉടമ്പടിക്ക് ബദലായി മറ്റൊരു ഉടമ്പടിയെ കുറിച്ചും ഉച്ചകോടിയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. 2020 ആവുമ്പോഴേക്കും എല്ലാ രാജ്യങ്ങളെയും ഹരിത ഗൃഹ വാതക നിയന്ത്രണത്തിന്‍ കീഴിലാക്കാനുള്ള ശ്രമങ്ങള്‍ക്കാണ് സമ്മേളനത്തില്‍ മുന്‍തൂക്കം. 2009-ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന സമ്മേളനത്തില്‍ ധാരണയാകാതെ പിരിഞ്ഞതോടെയാണ് 2020 ആവുമ്പോഴേക്കും നിയന്ത്രണം വരുത്തണമെന്ന ആവശ്യം ഉയര്‍ന്നത്. ആഗോള താപനത്തിന് മുഖ്യ കാരണമെന്ന് കരുതുന്ന കാര്‍ബണ്‍ പുറത്തുവിടുന്ന ഓരോ രാജ്യങ്ങള്‍ക്കും പരിധി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശമാണ് കഴിഞ്ഞ സമ്മേളനത്തില്‍ രാഷ്ട്രങ്ങള്‍ തള്ളിയത്.
രണ്ടാഴ്ച നീളുന്ന സമ്മേളനത്തില്‍, കാലാവസ്ഥാ വ്യതിയാനം പരിസ്ഥിതിയിലും ആവാസ വ്യവസ്ഥയിലും സൃഷ്ടിക്കുന്ന വെല്ലുവിളികളും പ്രത്യാഘാതങ്ങളും തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്യും. ചരിത്രപരമായ ബാധ്യത എന്ന ആശയം മുന്‍നിര്‍ത്തി കാര്‍ബണ്‍ ബഹിര്‍ഗമനത്തിനെതിരെ വികസിത രാജ്യങ്ങള്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും വികസ്വര രാജ്യങ്ങള്‍ കുറഞ്ഞ നടപടികള്‍ എടുത്താല്‍ മതിയെന്നുമാണ് വികസ്വര രാജ്യങ്ങളും ചൈനയും ഉയര്‍ത്തുന്ന വാദം.