Skip to main content
വാഷിംഗ്‌ടണ്‍

യു.എസ്സിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാവുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും കടമെടുപ്പ് പരിധി ഉയര്‍ത്തുന്ന കാര്യത്തില്‍ ധാരണയിലെത്തിയതോടെയാണ് പ്രതിസന്ധിക്ക് പരിഹാരമായത്. ഇതുസംബന്ധിച്ച ബില്ല് ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റ് പാസാക്കി. പതിനെട്ടിനെതിരെ 81  വോട്ടുകള്‍ക്കാണ് ബില്ല് സെനറ്റ് പാസാക്കിയത്.  144-നെതിരേ 285 വോട്ടുകള്‍ക്കാണ് ജനപ്രതിനിധി സഭ ബില്‍ പാസാക്കിയത്. ഇതനുസരിച്ച് ഫെബ്രുവരി ഏഴു വരെ കടമെടുപ്പ് പരിധി ഉയര്‍ത്താനാവും.

 

സെനറ്റ് ബില്ല് പാസാക്കിയെങ്കിലും ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ബാക്കിയുണ്ടെന്ന് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. യു.എസ്സിന് നഷ്ടമായ വിശ്വാസ്യത വീണ്ടെടുക്കുകയാണ് ഇതില്‍ പ്രധാനമെന്നും ഒബാമ വ്യക്തമാക്കി. ഇതോടെ യുഎസില്‍ പതിനാറ് ദിവസമായി തുടരുന്ന സാമ്പത്തിക പ്രതിസന്ധിക്കും ഭരണ സ്തംഭനത്തിനും പരിഹാരമായി. ബില്ലില്‍ പ്രസിഡന്‍റ് ഒപ്പുവെയ്ക്കുന്നതോടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പഴയ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങും.

 

ഒബാമയുടെ ആരോഗ്യസഹായപദ്ധതിയെ (ഒബാമ കെയര്‍) ജനപ്രതിനിധിസഭ അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ് രാജ്യത്ത് പ്രതിസന്ധിഉണ്ടായത്. ഇതിന്റെ ഫലമായി 21 ലക്ഷത്തില്‍പ്പരം ഗവണ്‍മെന്റ് ജീവനക്കാരില്‍ എട്ടുലക്ഷത്തോളം പേര്‍ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കേണ്ടിവന്നിരുന്നു.