Skip to main content
വാഷിംഗ്‌ടണ്‍

രാസായുധങ്ങള്‍ അന്താരാഷ്‌ട്ര നിയന്ത്രണത്തിലാക്കിയാല്‍ സിറിയക്കെതിരെയുള്ള ആക്രമണം മാറ്റിവെക്കാമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. യു.എസ്സിലെ വാര്‍ത്താ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയാണ് ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ടു വച്ചത്. സിറിയക്കെതിരെയുള്ള സൈനിക നടപടിക്ക് അംഗീകാരം തേടി സെനറ്റില്‍ നടത്തുന്ന വോട്ടെടുപ്പില്‍ ഒബാമക്ക് പിന്തുണ ലഭിക്കില്ലെന്നാണ് സൂചന. ഇതിനിടെ ബുധനാഴ്ച നടത്താനിരുന്ന വോട്ടെടുപ്പ് സെനറ്റ് മാറ്റിവെച്ചിട്ടുണ്ട്. 

 

രാസായുധങ്ങള്‍ ഉപേക്ഷിച്ചാല്‍ സൈനിക നടപടിയില്‍ നിന്ന് പിന്മാറാമെന്നു യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും പ്രസ്താവിച്ചിരുന്നുനു. സൈനിക നടപടിക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നും പ്രതിപക്ഷ സെനറ്റര്‍മാരില്‍ നിന്നും എതിര്‍പ്പ് നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് ഒബാമ ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്.

 

433 അംഗ ജനപ്രതിനിധി സഭയും 100 പേരുള്ള സെനറ്റും അടങ്ങുന്നതാണ് യു.എസ് കോണ്‍ഗ്രസ്. ഇവരില്‍ 22 സെനറ്റര്‍മാരും 22 പ്രതിനിധിസഭാംഗങ്ങളും മാത്രമേ ഇതുവരെ ഒബാമക്ക് പിന്തുണ തുറന്നു പ്രഖ്യാപിച്ചിട്ടുള്ളൂ. അതേസമയം, 130 പ്രതിനിധിസഭാംഗങ്ങളും 19 സെനറ്റര്‍മാരും പ്രമേയത്തെ എതിര്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.