Skip to main content
വാഷിംഗ്‌ടണ്‍

സിറിയക്ക് നേരെയുള്ള സൈനിക നടപടിക്ക് യു.എസ് സെനറ്റ് സമിതിയുടെ അംഗീകാരം. സെനറ്റിന്റെ വിദേശകാര്യ സമിതിയാണ് അംഗീകാരം നല്‍കിയത്. രണ്ടുദിവസമായി ആറുമണിക്കൂറിലേറെ ചര്‍ച്ച ചെയ്തശേഷമാണ് ഏഴിനെതിരെ പത്ത് വോട്ടിന് സമിതി ഒബാമയെ അനുകൂലിച്ചത്. ഇതോടെ പ്രമേയം സെനറ്റിന്റെ പൂര്‍ണ അംഗീകാരത്തിനായി സമര്‍പ്പിച്ചു.

 

സെപ്റ്റംബര്‍ 9 നു ഒബാമ ഭരണകൂടം യു.എസ് കോണ്‍ഗ്രസ്സില്‍ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്ന സാഹചര്യത്തിലാണ് സെനറ്റില്‍ പ്രമേയം അവതരിപ്പിച്ചത്. ഒബാമക്ക് പിന്തുണ ലഭിച്ചതിനാല്‍ പ്രമേയം പാസ്സാകുമെന്നാണ് സൂചന. സിറിയന്‍ ഭരണകൂടത്തിന്റെ രാസായുധ ശേഖരം തകര്‍ക്കുകയല്ലാതെ കരയുദ്ധത്തിനു പ്രമേയം അനുമതി നല്‍കില്ല. ജി 20 ഉച്ചകോടിക്ക് മോസ്കോയിലെത്തുന്ന ഒബാമ ലോകനേതാക്കളുടേയും പിന്തുണ തേടും.

 

എന്നാല്‍ സൈനിക ആക്രമണം നടത്തുന്നതിനു കര്‍ശനമായ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സൈന്യം തയ്യാറാകണമെന്ന് പ്രമേയത്തില്‍ പറയുന്നു. 60 ദിവസമാണ് സൈനിക നടപടിക്ക് അനുവദിക്കുന്നത് എന്നാല്‍ പ്രസിഡനറിന്റെ സ്വന്തം നിലക്ക് 30 ദിവസം കൂടി സമയപരിധി നീട്ടിയെടുക്കാം.  

 

അതേസമയം രാസായുധാക്രമണം നടത്തിയത് സിറിയന്‍ ഭരണകൂടമാണെന്ന് തെളിഞ്ഞാല്‍ യു.എസ്സിന്റെ സൈനിക നടപടിയെ പിന്തുണക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍ വ്യക്തമാക്കി. വിമതരാണ് സിറിയയില്‍ ആക്രമണം നടത്തിയത് എന്നായിരുന്നു റഷ്യയുടെ നിലപാട്.