Skip to main content
തിരുവനന്തപുരം

sms alertനവജാത ശിശുക്കളുടെ പ്രതിരോധ കുത്തിവെപ്പ് ഓര്‍മ്മപ്പെടുത്താന്‍ എസ്.എം.എസ് വഴി മൊബൈല്‍ ഫോണില്‍ ഇനി സന്ദേശമെത്തും. ജനന, മരണ, വിവാഹ രജിസ്‌ട്രേഷന് അപേക്ഷിച്ചവര്‍ക്ക് അവ പൂര്‍ത്തിയാവുന്ന മുറയ്ക്കും രജിസ്‌ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ എസ്.എം.എസ് ആയി എത്തും. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച് ഐ.ടി മിഷന്റെ സഹായത്തോടെയാണ് ജനങ്ങള്‍ക്ക് കൃത്യമായി അറിയിപ്പ് നല്‍കുന്ന നൂതന സംവിധാനം തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കുന്നത്.

 

വസ്തു നികുതി, ഇ-പെയ്‌മെന്റ് ബില്‍ഡിംഗ് പെര്‍മിറ്റ് തുടങ്ങിയവ സംബന്ധിച്ച ആവശ്യങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ക്കും ഫയല്‍ സ്ഥിതി സംബന്ധിച്ച വിവരങ്ങളും എസ്.എം.എസ്. ആയി ലഭിക്കും. എസ്.എം.എസ്. സന്ദേശം അയക്കേണ്ടവരുടെ ഫോണ്‍ നമ്പര്‍ ഇതിനായി പ്രത്യേക സോഫ്ട്‌വെയറിലൂടെ രേഖപ്പെടുത്തും.

 

എസ്.എം.എസ്. സംവിധാനം വഴി അറിയിപ്പ് നല്‍കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. പദ്ധതിയ്ക്ക് വേണ്ട തുക പഞ്ചായത്തു ഫണ്ടില്‍നിന്നും ഇന്‍ഫര്‍മേഷന്‍ കേരള മിഷന് ഗ്രാന്റായി നല്‍കാന്‍ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.

 

ജനന, മരണ, വിവാഹ രജിസ്‌ട്രേഷനുകള്‍ വഴി തദ്ദേശവകുപ്പിനു ലഭിക്കുന്ന വിവരങ്ങള്‍ ആരോഗ്യവകുപ്പിനും, മറിച്ചും നല്‍കാന്‍ സോഫ്ട്‌വെയര്‍ ഉപയോഗപ്പെടുത്തും. വ്യവസ്ഥകള്‍ പാലിച്ച് മാത്രമാവും വിവരങ്ങള്‍ കൈമാറുകയെന്ന്‍ സര്‍ക്കാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇതുവഴി തദ്ദേശസ്ഥാപന വകുപ്പുകളുടെയും ആരോഗ്യവകുപ്പിന്റെയും പ്രവര്‍ത്തനം സുഗമമാവുമെന്നാണ് പ്രതീക്ഷ.