Skip to main content
കൊച്ചി

partner kerala meet inaugurationസംസ്ഥാന നഗരകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ദ്വിദിന പാര്‍ട്ണര്‍ കേരള സംഗമം കൊച്ചിയില്‍ തിങ്കളാഴ്ച തുടങ്ങി. വികസനപദ്ധതികള്‍ നടപ്പാക്കുന്നതില്‍ കേരളം ഇന്ത്യക്കു വഴികാട്ടുകയാണ് പാര്‍ട്ണര്‍ കേരള നഗരവികസന സംഗമത്തിലൂടെ ചെയ്യുന്നതെന്ന് ഉദ്ഘാടനം നിര്‍വഹിച്ച കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. 5500 കോടിയില്‍പ്പരം രൂപയുടെ പദ്ധതികളാണ് സംഗമത്തില്‍ അവതരിപ്പിക്കുന്നത്.

 

അധികാരമെന്നത് ഇന്ന് സെക്രട്ടേറിയറ്റിലോ കളക്‌ട്രേറ്റിലോ കേന്ദ്രീകരിക്കുന്ന ഒന്നല്ലെന്ന് വയലാര്‍ രവി പറഞ്ഞു. വികേന്ദ്രീകൃത അധികാരം ജനങ്ങളിലെത്തിക്കഴിഞ്ഞു. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ചാല്‍ അതിന് ജനങ്ങളുടെ പിന്തുണയുണ്ടാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കുറഞ്ഞ മുതല്‍മുടക്കില്‍ നല്ല ലാഭം നിക്ഷേപകര്‍ക്കു ലഭ്യമാക്കുന്ന പദ്ധതികളാണ് സംഗമത്തില്‍ അവതരിപ്പിച്ചിട്ടുള്ളതെന്നും വികസനപ്രവര്‍ത്തനങ്ങള്‍ മുന്നേറുമ്പോള്‍ ആവശ്യമായി വരുന്ന കൂടുതല്‍ തുക കേന്ദ്രത്തില്‍ നിന്നു ലഭിക്കുമെന്നും വയലാര്‍ രവി പറഞ്ഞു.

 

പാര്‍ട്ണര്‍ കേരള സംഗമത്തിലൂടെ ഒരു തുണ്ടു ഭൂമിപോലും മറ്റൊരാള്‍ക്കും നല്‍കില്ലെന്നും നമ്മുടെ ഭൂമി നമ്മുടേതു മാത്രമായിരിക്കുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. നിക്ഷേപകരുടെ പണം സുരക്ഷിതമായിരിക്കുമെന്നും  അവര്‍ക്കു ലാഭം തിരിച്ചുകിട്ടാനുള്ള എല്ലാ സഹായവും ചെയ്തുകൊടുക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. പദ്ധതികള്‍ ഗ്രാമസഭയും മുനിസിപ്പല്‍ കൗണ്‍സിലുമെല്ലാം ചര്‍ച്ച ചെയ്താകും അന്തിമ തീരുമാനത്തിലെത്തുകയെന്നും ഇവയുടെ നടത്തിപ്പിനായി പ്രത്യേക വിഭാഗം തന്നെ തുടങ്ങാന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനുദിനം വികസിക്കുന്ന നഗരങ്ങളുടെ വികസനാവശ്യങ്ങള്‍ നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സാമ്പത്തിക സഹായം പോരാത്ത സ്ഥിതിയാണെന്നും ഇതാണ് പാര്‍ട്ണര്‍ കേരള സംഗമത്തിലൂടെ സ്വകാര്യ പങ്കാളിത്തം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി വിശദീകരിച്ചു.

 

കോഴിക്കോട് മേയര്‍ എ.കെ.പ്രേമജം, തിരുവനന്തപുരം മേയര്‍ അഡ്വ. കെ.ചന്ദ്രിക, എം.എല്‍.എമാരായ തേറമ്പില്‍ രാമകൃഷ്ണന്‍, ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവരും വിവിധ നഗരസഭകളുടെയും നഗര വികസന അതോറിട്ടികളുടെയും ചെയര്‍മാന്‍മാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. വിവിധ നഗരസഭകള്‍ സംഗമത്തില്‍ പദ്ധതികള്‍ അവതരിപ്പിക്കും. അഞ്ഞൂറിലേറെ നിക്ഷേപകരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. ചൊവ്വാഴ്ച സംഗമം സമാപിക്കും.